ആറ്റിങ്ങൽ:വൃദ്ധനെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു പുറത്തേക്ക് തള്ളിയിട്ടതായി പരാതി. ആറ്റിങ്ങൽ പച്ചംകുളം സ്വദേശി പ്രസന്നനാണ് (67) വീണു പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ചിറയിൻകീഴു നിന്ന് ആറ്റിങ്ങലിലേക്കുള്ള ബസിലെ യാത്രക്കാരനായിരുന്നു പ്രസന്നൻ. ഗേൾസ് എച്ച്.എസ്. ജംഗ്ഷൻ സ്റ്റോപ്പിലാണ് ഇയാൾക്ക് ഇറങ്ങേണ്ടിയിരുന്നത്. സ്റ്റോപ്പിൽ ബസ് നിറുത്തി ഇറങ്ങാൻ ശ്രമിക്കവേ പെട്ടെന്ന് ഇറങ്ങെന്നുപറ‍ഞ്ഞ് ‌ജീവനക്കാർ ബഹളംവച്ചു. മറ്റ് യാത്രക്കാർ, അദ്ദേഹത്തിന് ഇറങ്ങാൻ സമയം കൊടുക്കണമെന്ന് വിളിച്ചു പറഞ്ഞെങ്കിലും ജീവനക്കാർ മർദ്ദിച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. കണ്ടുനിന്നവർ ഓടിക്കൂടിയപ്പോഴേക്കും ബസ് വിട്ടു പോയിരുന്നു. നാട്ടുകാർ സ്വകാര്യ വാഹനത്തിൽ പ്രസന്നനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.