water
കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം: വാട്ടർ അതോറിട്ടി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഇതിനായി നിവേദനം നൽകിയ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)​ നേതാക്കളോടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പള പരിഷ്കരണം വൈകുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മറ്റ് വകുപ്പുകളിൽ ശമ്പള പരിഷ്‌കരണം ഒരു വർഷം മുമ്പേ നടപ്പാക്കിയിരുന്നു. ഇനിയും വൈകിയാൽ സമരത്തിന് നിർബന്ധിതരാകുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.കരുണാകരൻ,​ ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്‌ണൻ എന്നിവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

വാട്ടർ അതോറിട്ടിയിൽ കുറഞ്ഞ ശമ്പളം 23,500 രൂപയും കൂടിയ ശമ്പളം 1.70 ലക്ഷം രൂപയുമാക്കാനാണ് പതിനൊന്നാം ശമ്പള കമ്മിഷൻ ശുപാർശ ചെയ്തത്. മുൻകാല പ്രാബല്യം നൽകണമെന്നും ശുപാർശയിലുണ്ട്. നിലവിൽ വാട്ടർ അതോറിട്ടിയുടെ നഷ്ടം 3800 കോടിയാണ്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതിനാൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ ധനവകുപ്പിന് താത്പര്യമില്ല. 10 കോടിയുടെ അധിക ബാദ്ധ്യത ഉണ്ടാകും. ശമ്പള പരിഷ്‌കരണം അനുവദിച്ചാലും മുൻകാല പ്രാബല്യം ഉണ്ടാവില്ലെന്നാണ് സൂചന. 2014ലാണ് ഇതിനുമുമ്പ് ശമ്പളം പരിഷ്‌കരിച്ചത്.