keezhathil

മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും ഇരുപതും വാർഡുകൾ ഉൾപ്പെട്ട ഗ്രാമമാണ് കൈലാത്തുകോണം. കാലത്തിനനുസരിച്ച് ഈ ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ യാത്രാസൗകര്യവും വളരെ കുറവാണെന്ന് പരാതിയുണ്ട്. ഇതുവഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസും സർവീസ് നിറുത്തി.
കുറക്കട-ശാസ്തവട്ടം റോഡും എൻ.എച്ചിൽ എത്തിച്ചേരുന്ന കൈലാത്തുകോണം -ചെമ്പകമംഗലം റോഡുമാണ് ഇവിടത്തെ പ്രധാന റോഡുകൾ. ഒരുകൊല്ലം മുൻപ് ഈ റോഡുകളുടെ റീ ടാറിംഗ് പണികൾ ആരംഭിച്ചെങ്കിലും ചെമ്പകമംഗലം ഏല ഭാഗം മുതൽ കൈലത്തുകോണം ജംഗ്ഷൻ വരെയുള്ള റോഡിന്റെ റീടാറിംഗ് ഇനിയും ബാക്കിയാണ്.

കാത്തിരുന്ന സർവീസ്, എന്നിട്ടും...

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ദീർഘനാളത്തെ ആവശ്യപ്രകാരം ഇതുവഴി ഒരു കെ.എസ്.ആർ.ടി.സി.ബസ് സർവീസ് ആരംഭിച്ചു. ചിറയിൻകീഴ്, മുടപുരം, കുറക്കട, കൈലാത്തുകോണം, ചെമ്പകമംഗലം ജംഗ്‌ഷൻ വഴി തിരുവനന്തപുരത്തേക്കായിരുന്നു സർവീസ്. എന്നാൽ നിർഭാഗ്യവശാൽ പ്രസ്തുത സർവീസ് പിന്നെ നിറുത്തലാക്കി. ഇതോടെ നാട്ടുകാരുടെ യാത്രാക്ലേശം വീണ്ടും ഇരട്ടിയായി. അതിനാൽ ഈ ബസ് സർവീസ് ഉടൻ പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇടറോഡുകളിൽ നീന്താം

ഇവിടത്തെ ഇടറോഡുകളുടെ കാര്യവും ശോചനീയമാണ്. വെള്ളക്കെട്ടുകൾ നിറഞ്ഞ ഇടറോഡുകളാണധികവും. നാട്ടിലെ പ്രധാന ക്ഷേത്രങ്ങളായ കൈലാത്തുകോണം മാടൻ നട ക്ഷേത്രം, കീഴതിൽ ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡ് ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ല.

കുണ്ടും കുഴിയും വള്ളിപ്പടർപ്പും

കുണ്ടും കുഴികളും വെള്ളക്കെട്ടുകളും റോഡിന്റെ ഇരുഭാഗത്തുമുള്ള പുൽപ്പടർപ്പുകളും ഇടറോഡുകൾ വഴിയുള്ള യാത്ര ദുഷ്കരമാക്കുന്നു. അതിനാൽ കൈലാത്തുകോണം ഗ്രാമത്തിന്റെ വികസനത്തിനായി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.