
തിരുവനന്തപുരം: വയനാട് ജില്ലയിലെ കൽപ്പറ്റ ബൈപ്പാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തിയതിന് റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി ) എൻജിനിയർമാരെ സസ്‌പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശാനുസരണമാണ് നടപടി. കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രോജക്ട് ഡയറക്ടറോടും എക്സിക്യുട്ടീവ് എൻജിനിയറോടും വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞമാസം 4ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ മന്ത്രി പങ്കെടുത്ത യോഗത്തിൽ കൽപ്പറ്റ ബൈപ്പാസിന്റെ നിർമ്മാണം പ്രധാന അജൻഡയായിരുന്നു. യോഗത്തിൽ രണ്ട് ആഴ്ചയ്ക്കകം കുഴികൾ മൂടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആറു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്നും നിലപാട് സ്വീകരിച്ചു. യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ഉദ്യോഗസ്ഥതല നടപടികൾ ഇല്ലാതെപോയതിനാണ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്. കരാർ കമ്പനിയുടെ അനാസ്ഥയും കാലതാമസത്തിന് ഇടയാക്കി. കമ്പനിക്കെതിരെയും നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ട്. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ കരാറുകാരനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണചട്ടം 51 ബി പ്രകാരം കേസ് എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ വയനാട് കളക്ടർ കരാർ കമ്പനിക്ക് നോട്ടീസ് നൽകി.