
നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ മരംമുറി തുടരുന്നതിൽ ആശങ്കയുമായി പരിസ്ഥിതി പ്രവർത്തകരടക്കമുള്ള പൊതുജനം രംഗത്ത്. വ്യാപകമായുള്ള മരം മുറിക്കലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആശുപത്രി വികസനത്തോടനുബന്ധിച്ചുള്ള കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടാണ് മരം മുറിക്കാൻ നിർബന്ധിതമായതെന്ന് എം.എൽ.എ പറയുമ്പോൾ ഒരുവിധ വികസനത്തിനും തടസ്സമില്ലാതിരുന്ന വൃക്ഷങ്ങളെയാണ് വെട്ടിമാറ്റിയതെന്ന് മറുപക്ഷം.
വിവിധ വികസന പദ്ധതികളുടെയും വികസനത്തിന്റെയും നവീകരണത്തിന്റെയും പേരിൽ പെരുങ്കടവിള പഞ്ചായത്തിലെ ഭൂരിഭാഗം തണൽ മരങ്ങളടക്കമുള്ള നൂറുകണക്കിന് മരങ്ങളാണ് അടുത്ത കാലത്തായി മുറിച്ചുമാറ്റിയത്.
അവസാനമായി പെരുങ്കടവിള സി.എച്ച്.സി വളപ്പിലുണ്ടായിരുന്ന 2 പ്ലാവ്, ഒരു മാവ് അടങ്ങിയ 3 വൃക്ഷങ്ങളാണ് കഴിഞ്ഞ ദിവസം ലേലം ചെയ്ത് മുറിച്ചത്. ഇതിൽ 55,000 രൂപ ലേലത്തിൽക്കൊണ്ട വൃക്ഷങ്ങളെ 3 ഇരട്ടി വിലയ്ക്ക് കരാറുകാരൻ മറിച്ച് വിറ്റെന്ന് ആരോപണമുണ്ട്.ആശുപത്രിയിലെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് മാവ്, പ്ലാവ്, അയണി തുടങ്ങിയ 50 ഓളം വൃക്ഷങ്ങളെ ഘട്ടം ഘട്ടമായി മുറിച്ച് മാറ്റിയപ്പോഴും സംരക്ഷിച്ച് നിറുത്തിയ മരത്തിന്മേലാണ് അധികൃതർ ഇപ്പോൾ കോടാലി വച്ചിരിക്കുന്നത്.
ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നിന്ന പ്ലാവിന് 70 വർഷത്തിലധികം പഴക്കമുളളതും ഇനിയും കാലങ്ങളോളം നിലനിൽക്കുന്നതുമാണെന്ന് പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് ആശുപത്രി പരിസരം കോൺക്രീറ്റ് മാറ്റി ഇന്റർലോക്ക് ചെയ്തപ്പോൾ പ്ളാവും മാവും സ്ഥിതി ചെയ്യുന്നിടം ഒഴിവാക്കിയായിരുന്നു നവീകരിച്ചത്. ആശുപത്രിയുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് വൃക്ഷം ഒരു തടമല്ലായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.എന്നിട്ടും വെട്ടിമാറ്റിയതിന് പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് പൊതുജനങ്ങളും പറയുന്നു.
കഴിഞ്ഞ 3 മാസത്തിനിടെ പെരുങ്കവിള മൃഗാശുപത്രി വളപ്പിലും എൽ.പി സ്കൂൾ വളപ്പിലുമുള്ള 5 ഓളം മരങ്ങളും മുറിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് അമരവിള-ഒറ്റശേഖരമംഗലം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലുൾപ്പെട്ട പാതയോരത്തെ 30ഓളം വൃക്ഷങ്ങളാണ് വെട്ടിമാറ്റിയത്. ഇതുസംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.