ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്ട് ദീർഘദൂര സർവീസുകൾക്കായി ഒരു വർഷത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ വാങ്ങും. 450 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെൻഡർ നടപടികൾ ആരംഭിച്ചു. നിലവിൽ കരാറായ 50 ഇലക്ട്രിക് ബസുകൾക്ക് പുറമേയാണിത്.

നിലവിലുള്ള ഇ-ബസുകളെ പോലെ ഒറ്റ ചാർജിൽ ഓട്ടം പൂർത്തിയാക്കുന്നതിനു പകരം, ഡിപ്പോകളിൽ കരുതൽ ബാറ്ററികൾ സൂക്ഷിക്കുകയും അവ ഉപയോഗിച്ച് സർവീസ് തുടരുകയും ചെയ്യുന്ന സംവിധാനമായിരിക്കും നടപ്പാക്കുന്നത്.

റീ ചാർജിന് ഏറെനേരം വേണമെന്ന പരിമിതി ഇത്തരത്തിൽ മറികടക്കാനാകും.

മദ്ധ്യദൂര സർവീസുകൾക്കും ഇ-ബസുകൾ ഉപയോഗിക്കും. പഴയ കരാർ പ്രകാരമുള്ള 50 ഇ-ബസുകളിൽ 15 എണ്ണം ഹരിയാനയിൽ നിന്ന് ആനയറയിലെ സിഫ്ട് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവ ഉടൻ നിരത്തിലിറങ്ങും.

കെ.എസ്.ആർ.ടി.സി സ്വിഫ്ടിനെതിരെയുള്ള കേസുകൾ ഹൈക്കോടതി തള്ളിയതോടെയാണ് പുതിയ ബസുകൾ വാങ്ങുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വേഗമേറിയത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 70 സ്വിഫ്ട് ബസുകൾ ഓടിക്കും. അതിൽ അമ്പതും ഇലക്ട്രിക് ബസുകളായിരിക്കും.

 ഇലക്ട്രിക് ബസ് വില: 85-97 ലക്ഷം

 ബാറ്ററി വില: 30-40 ലക്ഷം

 ചാർജ് സമയം: 01- 2.5 മണിക്കൂർ

 ബാറ്ററി മാറ്റാൻ: 5 മിനിട്ട് മതി

 ഡീസൽ ബസും കറണ്ടിലോടിക്കാം

കുറ‌ഞ്ഞ ചെലവിൽ ഡീസൽ ബസുകൾ ഇലക്ട്രിക് ബസുകളാക്കി മാറ്റുന്ന പരീക്ഷണം നടത്താൻ ഒരു സ്റ്റാ‌ർട്ടപ്പ് കമ്പനിക്ക് ഗതാഗത വകുപ്പ് അനുവാദം നൽകിയിട്ടുണ്ട്. 4 ലക്ഷം രൂപ ചെലവിൽ ഡീസൽ ബസിനെ ഇലക്ട്രിക് ബസാക്കി മാറ്റാനാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇലക്ട്രിക് ബാറ്ററിക്ക് 40 ലക്ഷം രൂപ വരെ വിലയുണ്ട്.

 സ്വിഫ്ട് ബസുകൾ നിലവിൽ : 116

 ഇനി വാങ്ങുന്നത്: 1254

 ഇവയിൽ ഇ-ബസ്: 500