
തിരുവനന്തപുരം: കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ഫോർട്ടിലെ സൂപ്പർ ബസാറിൽ നിന്ന് ജീവനക്കാരൻ 66.11ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാഷ് കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഭിലാഷിനെതിരെ ബസാർ മാനേജർ നൽകിയ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു. അഭിലാഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കോർപ്പറേഷന്റെ സ്ഥിരം ജീവനക്കാരനായ അഭിലാഷ് 2019 മുതൽ 2022വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടത്തിയത്. സംഭവം പിടിക്കപ്പെട്ടതിന് പിന്നാലെ അഭിലാഷ് 14,25,000 രൂപ തിരിച്ചടച്ചു. എന്നാൽ ബാക്കി 51.86 ലക്ഷം രൂപ തിരികെ അടയ്ക്കാത്ത സാഹചര്യത്തിലാണ് പരാതി നൽകിയത്. കൃഷി വകുപ്പിന് കീഴിലുള്ള സൂപ്പർ ബസാറിൽ കാർഷിക ഉപകരണങ്ങളും മറ്റു സാമഗ്രികളുമാണ് വിൽക്കുന്നത്. ഇതിലൂടെ സ്ഥാപനത്തിന് ലഭിക്കേണ്ട പണമാണ് രേഖകളിൽ തിരിമറികാട്ടി തട്ടിയെടുത്തത്. സർക്കാർ മുതൽ തട്ടിയെടുക്കൽ, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.