ddd

തിരുവനന്തപുരം: രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വികസന പദ്ധതിക്ക് മാസ്റ്റർ പ്ളാനായി. സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിനോദ സഞ്ചാര വികസനത്തിനാവശ്യമായ പദ്ധതികളും ഉൾപ്പെടുന്ന മാസ്റ്റർപ്ളാനിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയാണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നത്.

കോവളം ഗ്രോ ബീച്ച് മുതൽ ആഴിമല,​ അടിമലത്തുറ വരെയുള്ള 10 കിലോമീറ്ററിലധികം തീരദേശത്തെ വിനോദ സഞ്ചാരപദ്ധതികൾക്ക് ഉപയോഗപ്പെട്ടുന്ന വിധമാണ് പദ്ധതി. തുടർച്ചയായ കടലാക്രമണവും കൈയേറ്റവും കാരണം കോവളം ബീച്ച് നഷ്ടപ്പെടുകയും സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മകൾ ബോദ്ധ്യപ്പെടുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുൻകൈയെടുത്താണ് കോവളം,​ആഴിമല,​അടിമലത്തുറ ബീച്ചുകളെ ബന്ധപ്പെടുത്തി പദ്ധതി നടപ്പാക്കിയത്.

കോവളത്തെ പരന്ന കടൽത്തീരം സഞ്ചാരികളെ ആക‌ർഷിക്കുംവിധം അണിയിച്ചൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആഭ്യന്തര - വിദേശ വിനോദ സഞ്ചാരികൾക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ബീച്ചിലെ വ്യാപാരികളെ നിലനിറുത്താൻ ആവശ്യമായ നടപടികളുമുണ്ടാകും. കോവളം മുതൽ അടിമലത്തുറവരെ കടലാക്രമണം തടയുന്നതിന് കടൽഭിത്തി നി‌ർമ്മിക്കുന്നതിനാണ് പ്രഥമ പരിഗണന. സൈലന്റ് വാലി പാർക്കിൽ സൺബാത്തിനുള്ള വിപുലമായ ക്രമീകരണങ്ങളും ഒരുക്കും. കോവളമുൾപ്പെടെ മുഴുവൻ സ്ഥലത്തും നടപ്പാതകളും നവീകരിക്കും. പദ്ധതിയുടെ വിശദ റിപ്പോ‌ർട്ട് ഈ മാസം അവസാനത്തോടെ കിഫ്ബി ടൂറിസം വകുപ്പിന് സമർപ്പിക്കുമെന്നാണ് വിവരം.