തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന വിനോദ കേന്ദ്രമായ സാംസ്കാരിക പൈതൃകമുള്ള ശംഖുംമുഖം ബീച്ച് തകർന്നിട്ട് രണ്ടുവർഷത്തിലേറെയായിട്ടും പുനർനിർമ്മാണ പ്രവർത്തനം എങ്ങുമെത്താതെ നിൽക്കുന്നു. കടൽക്ഷോഭം ശക്തമായതോടെ ആരംഭിക്കാനിരുന്ന നിർമ്മാണ പ്രവർത്തനം വീണ്ടും നിറുത്തിവച്ച സ്ഥിതിയിലാണ്.മൂന്നു വർഷങ്ങൾക്കു ശേഷം ഇക്കുറിയെങ്കിലും കർക്കടക വാവിന് ശംഖുംമുഖത്ത് ബലിയർപ്പിക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് തലസ്ഥാന വാസികൾ. 2018ലെ കടലാക്രമണത്തിലായിരുന്നു ബീച്ചിന്റെ ഒരു ഭാഗം തകർന്നത്. 2019ൽ ബാരിക്കേഡ് കെട്ടി ബീച്ചിൽ ബലിയർപ്പിക്കാൻ അനുമതി നൽകിയിരുന്നു. അതിനു ശേഷം ഇതുവരെ ശംഖുംമുഖം ബീച്ച് ബലിതർപ്പണത്തിന് വേദിയായില്ല.2020ൽ ബീച്ച് പൂർണമായും തകർന്നതിനാൽ കൊവിഡ് ആശങ്ക അല്പം മാറിനിന്ന 2021ലും ബലിതർപ്പണത്തിന് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.ഇക്കുറി 28നാണ് കർക്കടകവാവ്.
ബീച്ചിലേക്കുള്ള വഴി ഇപ്പോഴും ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്.റോഡിന്റെ അടിഭാഗത്തുള്ള മണൽ ഇപ്പോഴും തിരയടിയിൽ ഇളകുകയാണ്.ഇത് റോഡിന്റെ നിലവിലെ സ്ഥിതി കൂടുതൽ ഗുരുതരമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ബീച്ച് കാണാനെത്തി നിരാശരായി മടങ്ങുന്നത്.വിനോദയാത്രികർ ലൈഫ് ഗാർഡുകളുമായി വഴക്കുണ്ടാക്കുന്നതും തൊട്ടടുത്ത റോഡിലൂടെ ബീച്ചിലേക്ക് അതിക്രമിച്ച് കയറുന്നതുമൊക്കെ പതിവ് സംഭവമായി.ജൂൺ- ജൂലായ് മാസങ്ങൾ കടൽക്ഷോഭത്തിന്റെ കാലമായതിനാൽ നവീകരണം നടക്കാൻ സാദ്ധ്യതയില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.എന്നാൽ,ബീച്ചിനോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്.ലൈറ്റ് സ്ഥാപിക്കുന്നതിന്റെയും ടെക്ക്‌വേ ട്രാക്കിന്റെയുമൊക്കെ നിർമ്മാണം നടക്കുന്നുണ്ട്.ശംഖുംമുഖത്തെ മാതൃകാ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി ഡി.ടി.പി.സി സർക്കാർ ഏജൻസികളുമായി ചേർന്ന് മരത്തിന്റെ ആകൃതിയിലുള്ള സൗരോർജ പാനലുകൾ അഥവാ 'സോളാർ ട്രീ ' സ്ഥാപിക്കുന്നതിന്റെയും പ്രതിദിനം 50 കിലോ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റിന്റെ ജോലികളും ഈ മാസം തന്നെ പൂർത്തിയാകും.ഭക്ഷണാവശിഷ്ടങ്ങൾ പൊടിച്ചുണ്ടാക്കുന്ന വളമുപയോഗിച്ച് ശംഖുംമുഖത്ത് ' മിയാവാക്കി വനം ' നിർമ്മിക്കാനും പദ്ധതിയുണ്ട്.
ലോകത്തിലെ തന്നെ മികച്ച ബീച്ചുകളിലൊന്നാണ് ശംഖുംമുഖം. ഓണത്തിനെങ്കിലും പൊതുജനങ്ങൾക്കായി ബീച്ച് തുറന്നു കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്.
സെറാഫിൻ ഫ്രെഡി
കൗൺസിലർ