തിരുവനന്തപുരം: നഗരസഭയിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ മുൻ കൗൺസിലറും ഇടപെട്ടെന്ന് സൂചന. ഇതേപ്പറ്റിയുള്ള പരിശോധന അന്വേഷണം സംഘം ആരംഭിച്ചു. മുൻ കൗൺസിലറുടെ ബന്ധുവായ ഇടനിലക്കാരൻ വഴി കെട്ടിട ഉടമയായ അജയഘോഷിനെ സഹായിച്ചെന്നാണ് വിവരം.

ഇടനിലക്കാരനെയും കെട്ടിട ഉടമയെയും പരിചയപ്പെടുത്തിയത് മുൻ കൗൺസിലറാണെന്നും വിവരമുണ്ട്. ഇതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇടനിലക്കാരനെക്കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചെങ്കിലും ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിട്ടില്ല. ഇയാളിൽ നിന്ന് മാത്രമേ നഗരസഭയിൽ സഹായിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താൻ സാധിക്കൂ. രണ്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിജിറ്റിൽ രേഖകൾ നശിപ്പിക്കാൻ സാദ്ധ്യതയുള്ളതിനാൽ നിലവിൽ അന്വേഷണസംഘം അവ എത്രയും പെട്ടെന്ന് ശേഖരിക്കുകയാണ്. മേയർ,​ സെക്രട്ടറി, നഗരസഭയിലെ ഐ.ടി വിഭാഗം ജീവനക്കാർ അടക്കമുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് ജോലിയിൽ നിന്ന് മാറ്റി നിറുത്തിയ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെയും ചോദ്യം ചെയ്യും. ആറുമാസം മുമ്പുള്ള നഗരസഭയിലെ സി.സി ടിവി ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി മേയർ സീഡാക്കിന് കത്ത് നൽകിയിട്ടുണ്ട്. അന്വേഷണ സംഘവും ഇക്കാര്യം ആവശ്യപ്പെട്ട് സീഡാക്കിന് കത്തുനൽകി. 2022 ജനുവരി 28നാണ് തട്ടിപ്പിനാസ്‌പദമായ സംഭവം നടന്നത്.

111 ഹൈ ഡെഫനിഷൻ കാമറകളാണ് കോർപ്പറേഷനുള്ളിൽ പ്രവർത്തനത്തിലുള്ളത്. 25 ജി.ബി സ്റ്റോറേജാണ് ഓരോ കാമറയ്‌ക്കുമുള്ളത്. ഒരുമാസത്തെ ദൃശ്യങ്ങൾ ശേഖരിച്ചശേഷം ഇവ ഓട്ടോമാറ്റിക്കായി ഡിലീറ്റാകും. ഇത്തരത്തിൽ ആറുമാസത്തെ ദൃശ്യങ്ങളാണ് ഹാർഡ് ഡിസ്‌കിൽ നിന്ന് വീണ്ടെടുക്കാനുള്ളത്.