
തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി ഡോ. ഡി. മീനയെ നിയമിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മീനയ്ക്ക് സ്ഥാനക്കയറ്റം നൽകിയാണ് പുതിയ നിയമനം. 1989ൽ സർവീസിൽ പ്രവേശിച്ച മീന നിരവധി മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ ട്രാൻസ്‌ഫ്യൂഷൻ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ൽ സംസ്ഥാന സർക്കാർ ബ്ലഡ് ട്യാൻസ്‌ഫ്യൂഷൻ സർവീസിന്റെ നോഡൽ ഓഫീസറായും നിയമിച്ചു. 2020ൽ സംസ്ഥാനത്ത് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ പോളിസി രൂപീകരിച്ചത് ഡോ. മീനയുടെ നേതൃത്വത്തിലായിരുന്നു. കേരള ആരോഗ്യ സർവകലാശാലയിലെ ബോർഡ് ഒഫ് സ്റ്റഡീസ് അംഗം കൂടിയാണ്. മയ്യനാട് ഗൗരിസൗദനത്തിൽ കെ. ധർമ്മദാസിന്റെയും എൻ. രമാബായിയുടെയും മകളാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മുൻ മേധാവി ഡോ. ശ്യാം കെ. രമേശിന്റെ ഭാര്യയാണ്. ഡോ. പ്രിയങ്ക ശ്യാം, ഡോ. പ്രവീണ ശ്യാം എന്നിവർ മക്കളാണ്.