
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുമെന്ന് ജനതാദൾ-എസ് അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പ്രഖ്യാപിച്ചതോടെ ആ പാർട്ടിയിൽ ലയിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവലിഞ്ഞ ലോക് താന്ത്രിക് ജനതാദളിൽ ആശയക്കുഴപ്പം മുറുകി.
ദേവഗൗഡയുടെ തീരുമാനത്തിനൊപ്പം നിൽക്കില്ലെന്ന് ജനതാദൾ-എസ് സംസ്ഥാന ഘടകം അദ്ദേഹത്തെ അറിയിച്ച സ്ഥിതിക്ക് കേരളത്തിൽ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്ന നിലപാടിലാണ് അവർ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലാത്തതിനാൽ അയോഗ്യതാപ്രശ്നം ഇല്ല. ആ സ്ഥിതിക്ക് ലയനത്തിൽ നിന്ന് എൽ.ജെ.ഡി പിൻമാറേണ്ടതില്ലെന്നാണ് ജെ.ഡി.എസ് നേതൃത്വം കരുതുന്നത്. എങ്കിലും ആ പാർട്ടി നേതൃത്വം തീരുമാനിക്കട്ടെയെന്ന നിലപാടിലാണവർ.
ലയനസമ്മേളനം തീരുമാനിക്കാൻ ഇരുപാർട്ടികളുടെയും നേതൃത്വങ്ങൾ കഴിഞ്ഞയാഴ്ച ദേവഗൗഡയെ കാണാനിരുന്നതാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ജെ.ഡി.എസിന്റെ ചുവടുമാറ്റത്തോടെ എൽ.ജെ.ഡി നേതൃത്വം കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറി.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 18ന് ശേഷം നേതൃയോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് എൽ.ജെ.ഡിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ലയനത്തിൽ നിന്ന് പിന്മാറുന്നത് ഗുണമല്ലെന്ന് വാദിക്കുന്നവരും ഉണ്ട്. 18 വരെ കാക്കാതെ 14നോ 15നോ യോഗം ചേരണമെന്നാണ് ഇവരുടെ ആവശ്യം. ലയനം ഇടതുമുന്നണിയിൽ ജനതാദളിന്റെ ശക്തി കൂട്ടുമെന്നാണ് ഇവരുടെ വാദം. പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറും ഇതിനോട് അനുകൂലമാണെന്ന് സൂചനയുണ്ട്. 18ന് ശേഷം യോഗം ചേർന്നാലും ലയനത്തിനായി ഇവർ ശക്തമായി വാദിച്ചേക്കും. യോഗ തീയതി വരും ദിവസങ്ങളിൽ തീരുമാനിക്കും.