
പെരിന്തൽമണ്ണ: ആസാം സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആസാം നഗൗണിലെ സർക്കേ ബസ്തി വില്ലേജിലെ സിറാജുൽ ഹഖിനെയാണ് (23) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്.
രണ്ടുമാസം മുൻപ് സമൂഹമാദ്ധ്യമത്തിലൂടെ പരിചയത്തിലായ പെൺകുട്ടിയോട് വിവാഹിതനാണെന്നത് മറച്ചുവെക്കുകയും വിവാഹവാഗ്ദാനം നൽകി അസമിലെ സ്കൂൾ പരിസരത്ത് നിന്ന് തട്ടിക്കൊണ്ടുവരികയുമായിരുന്നു. തുടർന്ന് പ്രതിയുടെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് രണ്ടുദിവസം ലൈംഗികമായി പീഡിപ്പിച്ചു.
പ്രതി വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി താൻ കേരളത്തിലുണ്ടെന്ന വിവരം വീട്ടുകാരെ അറിയിച്ചു. കുട്ടി പീഡനത്തിനിരയായതായി മലപ്പുറം ചൈൽഡ് ലൈനിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് പെരിന്തൽമണ്ണയിൽ പൊലീസ് കേസെടുത്തത്. കുട്ടിയെ ഇതിനകം പെരിന്തൽമണ്ണയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ അനുമതിയോടെ ദ്വിഭാഷിയെ കണ്ടെത്തിയാണ് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തത്.
പ്രതി പെരിന്തൽമണ്ണയിലുണ്ടെന്ന സൂചനയെത്തുടർന്ന് പൊലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.