
കാഞ്ഞങ്ങാട് : മുൻ എം.എൽ.എ കെ. കുഞ്ഞിരാമന്റെ പള്ളിക്കര ആലക്കോട്ടെ വീട്ടുപറമ്പിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശി റഷീദ്, കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി അബ്ദുള്ള എന്നിവരെയാണ് ബേക്കൽ ഇൻസ്പെക്ടർ യു.പി വിപിൻ അറസ്റ്റു ചെയ്തത്. സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് മണിക്കൂറുകൾക്കകം പൊലീസ് പ്രതികളെ കാഞ്ഞങ്ങാട് വെച്ച് വലയിലാക്കിയത്. മോഷ്ടിച്ച ചന്ദനവും ഇവരിൽ നിന്നും കണ്ടെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സി.പി.എം നേതാവ് കൂടിയായ കെ. കുഞ്ഞിരാമന്റെ വീടിനോട് ചേർന്നുണ്ടായിരുന്ന ലക്ഷം രൂപയിലധികം വിലമതിക്കുന്ന ചന്ദനമരം നാലംഗ സംഘം മുറിച്ചുകടത്തിയത്.