കൊച്ചി: സ്ത്രീധനപീഡനം ആരോപിച്ച് എറണാകുളം സ്വദേശിനി സംഗീത ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടി ഇഴയുകയാണെന്നും പൊലീസ് കടുത്ത നിസംഗത പുലർത്തുന്നതായും കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മകൾ ആത്മഹത്യ ചെയ്തിട്ട് 40ദിവസം പിന്നിട്ടു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഭർത്താവ് തൃശൂർ സ്വദേശി സുമേഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ രാഷ്ട്രീയ ബന്ധമാണ് കാരണം.
കുടുംബം പറയുന്നത്: സുമേഷ് ബ്രോഡ്വേയിൽ സ്വന്തമായി കട നടത്തുന്നുണ്ട്. പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞദിവസം മുതൽ ജാതിയുടെയും സ്ത്രീധനത്തിന്റെയും പേരിൽ പീഡനം പതിവായിരുന്നുവെന്നാണ് ആരോപണം. പലതവണ വീട്ടിൽനിന്ന് ഇറക്കി വിടുകയും പുറത്തുനിറുത്തുകയും ചെയ്തു. മനോരോഗിയാണെന്ന് സ്ഥാപിക്കാൻ മകളെ ഡോക്ടർമാരുടെ അടുത്ത് ചികിത്സയ്ക്കുകൊണ്ടുപോയിരുന്നു.
ആത്മഹത്യചെയ്തതിന്റെ തലേദിവസം സംഗീത സുമേഷിന്റെ കടയിൽ പോയിരുന്നു. തരാനുള്ള സ്ത്രീധനം തരാമെന്ന് വാക്കുനൽകി. സ്ത്രീധനം തന്നുതീർക്കാതെയും വീട്ടുകാർവന്ന് കാലുപിടിക്കാതെയും കൂടെ ജീവിക്കാൻ താത്പര്യമില്ലെന്നായിരുന്നു സുമേഷിന്റെ മറുപടി. തുടർന്ന് മകൾ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി അറിയിച്ചെങ്കിലും പൊലീസ് മുഖവിലയ്ക്കെടുത്തില്ല. കുടുംബത്തെ വിളിച്ചുവരുത്തി മടക്കി വിടുകയും അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാവിലെ സ്റ്റേഷനിൽ രണ്ടുപേരെയും വിളിപ്പിച്ച പൊലീസ് കാര്യമായ നടപടിയോ പരിഹാരമോ ഒന്നും കാണാതെ പെൺകുട്ടിയെ വീട്ടിലാക്കാൻ നിർദേശിച്ചു. പിന്നാലെയാണ് സംഗീത ആത്മഹത്യ ചെയ്തതെന്ന് സംഗീതയുടെ പിതാവ് സജീവൻ, സഹോദരിമാരായ സജ്ന, സലീന എന്നിവർ ആരോപിച്ചു.