muru

തിരുവനന്തപുരം:റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി നാല് കോടിയോളം രൂപ തട്ടിച്ച കേസിൽ അറസ്റ്റിലായ റെയിൽവേ ജീവനക്കാരനെ കോടതി റിമാൻഡ് ചെയ്തു. റെയിൽവേ മെക്കാനിക്കൽ സെക്ഷൻ ജീവനക്കാരൻ നാഗർകോവിൽ സ്വദേശിയും തമ്പാനൂർ റെയിൽവേ ക്വാർട്ടേഴ്സ് ഹൗസ് നമ്പർ 132 ഇയിൽ താമസക്കാരനുമായ മുരുകേശപിള്ളയാണ് അറസ്റ്റിലായത്. മണക്കാട് സ്വദേശി അനൂപിന്റെ പരാതിയിലാണ് അറസ്റ്റ്. റെയിൽവേയിൽ കൊമേഴ്സ്യൽ ക്ളാർക്കായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2020 നവംബർ 5ന് അനൂപിൽ നിന്ന് റെയിൽവേ ഫ്ളാറ്റിൽവച്ച് രണ്ട് ലക്ഷം രൂപ നേരിട്ടും 2020 ഡിസംബറിൽ രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും വാങ്ങിയെന്നാണ് കേസ്.

ജോലി ലഭിക്കാതായതോടെയാണ് അനൂപ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അനൂപിന്റെ പരാതിയിൽ തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ മുരുകേശൻ കഴിഞ്ഞദിവസം ഫോർട്ടിൽ സഹപ്രവർത്തകയുടെ വീട്ടിലെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഫോർട്ട് പൊലീസാണ് ഇയാളെ പിടികൂടി തമ്പാനൂർ പൊലീസിന് കൈമാറിയത്. തട്ടിപ്പിന് ശേഷം സഹപ്രവ‌ർത്തകയുടെ വീട്ടിൽ വാടകയ്ക്കായിരുന്നു മുരുകേശൻ പിള്ളയുടെ താമസം. അനൂപിന്റെ പരാതിയിൽ മുരുകേശൻ പിള്ളയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സമാനതട്ടിപ്പിനിരയായ പതിനഞ്ചോളം പേരും ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൊത്തത്തിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ് ഇതുവരെ നടത്തിയതായി തമ്പാനൂർ സി.ഐ വെളിപ്പെടുത്തി. തട്ടിപ്പിൽ റെയിൽവേയിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വെളിപ്പെടുത്തി.

റെയിൽവേ ജീവനക്കാരെയും പറ്റിച്ചു

മെക്കാനിക്കൽ ക്ലാസ് രണ്ട് ജീവനക്കാരനായിരിക്കെ റെയിൽവേയിൽ സംഘടനാനേതാവായ ഇയാൾ ജീവനക്കാരോട് സ്ഥലംമാറ്റം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ടായിരുന്നു. പണം നൽകാൻ ജീവനക്കാരി വിസമ്മതിച്ചതിനെതുടർന്ന് ഭീഷണിപ്പെടുത്തി. അവർ മുഖ്യമന്ത്രിക്കും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്കും പരാതി കൊടുത്തു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ വകുപ്പ് തല നടപടിക്ക് ശുപാർശ നൽകി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ മുരുകേശനെ സർവീസിൽ നിന്ന് തരംതാഴ്ത്തി കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയെങ്കിലും സംഘടന സ്വാധീനം ഉപയോഗിച്ച് കൊച്ചുവേളിയിൽ ഹെൽപ്പർ തസ്തികയിൽ ജോലി ചെയ്യവേയാണ് ജോലി തട്ടിപ്പിൽ പിടിയിലായത്.

ഒന്നരമാസം മുമ്പ് വീടുവിട്ട മുരുകേശൻ ഇന്നലെ രാത്രി സഹപ്രവർത്തകയുടെ വീട്ടിലെത്തിയവിവരം ഭാര്യയാണ് പൊലീസിനെ അറിയിച്ചത്.മുരുകേശനും റെയിൽവേയിൽ അനധികൃതമായാണ് നിയമനം തരപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.