crime-3

ഗുരുവായൂർ: ആനത്താവളത്തിന് സമീപം തമ്പുരാൻപടിയിൽ കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് 3 കിലോ സ്വർണം കവർന്ന സംഭവത്തിൽ പ്രധാന പ്രതി ധർമ്മരാജിന്റെ ജ്യേഷ്ഠനും തിരുച്ചിറപ്പള്ളി ലാൽഗുഡി സ്വദേശിയുമായ നാഗരാജിനെ (അരുൺരാജ് 30 ) പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ഗുരുവായൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


തമ്പുരാൻ പടിയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണം വിറ്റഴിച്ചതും പണം കൈവശം വെച്ച് സൂക്ഷിക്കുന്നതും അരുൺരാജായിരുന്നു. പ്രതി ധർമരാജിനെ മേയ് മാസം 29ന് ചണ്ഡീഗഡിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതി ധർമ്മരാജന്റെ മറ്റൊരു സഹോദരനുൾപ്പെടെ രണ്ട് പേരെ ഗുരുവായൂർ പൊലീസ് ജൂൺ മാസം ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു. ധർമ്മരാജിന്റെ സഹോദരൻ ചിന്നരാജ് (ചിന്നൻ 26), ധർമരാജിന്റെ അമ്മയുടെ ചേച്ചിയുടെ മകൻ പൂക്കിപ്പറമ്പ് തെയ്ബ ചിക്കൻ സ്റ്റാളിന് സമീപം താമസിക്കുന്ന കുട്ടൻ (രാജു 20) എന്നിവരെയാണ് ജൂൺ ഒന്നിന് അറസ്റ്റ് ചെയ്തിരുന്നത്.
മേയ് മാസം 12നാണ് ബാലന്റെ വീട്ടിൽ നിന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടത്. സ്വർണ്ണക്കവർച്ച കേസിൽ അനിയൻ അറസ്റ്റിലായി എന്നറിഞ്ഞ ഉടൻ കവർച്ചയുടെ വിഹിതവുമായി കിട്ടിയ സ്വർണ്ണവും പണവുമായി നാഗരാജ് ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ കഴിയുമ്പോൾ രാജകീയ ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്.

തമിഴ് സിനിമ നടന്മാർ താമസിച്ചിരുന്ന ഹോട്ടൽമുറികളിലായിരുന്നു താമസം. പതിനായിരങ്ങളാണ് ഇയാൾ ടിപ്പായി നൽകിയത്. കേരളത്തിലും തമിഴ് നാട്ടിലും സഞ്ചരിക്കുന്നതിനായി ലക്ഷങ്ങൾ വിലവരുന്ന മൂന്ന് ആഡംബര ബൈക്കുകളാണ് ഇയാൾ സ്വന്തമാക്കിയതെന്നും പൊലീസ് പറഞ്ഞു.