പൂവാർ: പൂവാർ ഗ്രാമ പഞ്ചായത്തിലെ ശൂലംകുടി പാണംവിളയിൽ പ്രവർത്തിക്കുന്ന അഭയ എന്ന എസ്.സി അയൽക്കൂട്ടത്തിന് നറുക്കെടുപ്പിൽ ലഭിച്ച സ്വർണം പഞ്ചായത്തിലെ കുടുംബശ്രീ ഉദ്യോഗസ്ഥർ വിറ്റ് പണം തട്ടിയെടുത്തതായി ആക്ഷേപം. കുടുംബശ്രീ ദേശീയ സരസ് മേളയിൽ നടന്ന നറുക്കെടുപ്പിലാണ് അയൽക്കൂട്ടത്തിന് മൂന്നാം സമ്മാനമായി അരപ്പവന്റെ കോയിൻ ലഭിച്ചത്.
കനകക്കുന്നിൽ നടന്ന പരിപാടിയിലെ 250 രൂപയുടെ കൂപ്പൺ വഴിയാണ് ഇവർക്ക് സമ്മാനം ലഭിച്ചത്. സ്വർണത്തെക്കുറിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ പുറത്തുപറഞ്ഞില്ല. ഇതിനിടെ അയൽക്കൂട്ടം ഭാരവാഹികളെ വിളിച്ച് ടിക്കറ്റ് നമ്പർ അന്വേഷിച്ച പഞ്ചായത്തിലെ കുടുംബശ്രീ ഉദ്യേഗസ്ഥർ സമ്മാനമായി 5000 രൂപയുടെ മൊബൈൽ ഫോൺ ലഭിച്ചെന്ന് അറിയിച്ചു. ഫോൺ എവിടെയെന്ന അംഗങ്ങളുടെ ചോദ്യത്തിന് ഓഫീസിൽ സൂക്ഷിക്കുമെന്ന മറുപടിയാണ് കുടുംബശ്രീ ഉദ്യേഗസ്ഥർ നൽകിയത്.
എന്നാൽ ഉടൻ ആരംഭിക്കുന്ന ജനകീയ ഭക്ഷണശാലയെക്കുറിച്ച് ജില്ലാതല കുടുംബശ്രീയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും ഉൾപ്പെട്ട അവലോകന യോഗത്തിലാണ് അയൽക്കൂട്ടത്തിന് അരപ്പവൻ സമ്മാനം ലഭിച്ച വിവരം പുറത്തറിയുന്നത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയൽക്കൂട്ടം പ്രസിഡന്റ് കുമാരി സ്വപ്‌ന, സെക്രട്ടറി ശോഭന എന്നിവർ പൂവാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജെ. ലോറൻസ് പറഞ്ഞു.