പനമരം: അഞ്ചുകുന്ന് പാലുകുന്ന് കൊളത്താറ ആദിവാസി കോളനിയിലെ സുനിത (35)യെ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുനിതയുടെ രണ്ടാം ഭർത്താവ് സുരേഷിനെ മാനന്തവാടി ഡിവൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സുരേഷും സുനിതയും മദ്യലഹരിയിൽ കുടുംബവഴക്ക് പതിവായിരുന്നു. സംഭവ ദിവസം മദ്യപിച്ച് അവശനിലയിലായ സുനിതയെ സുരേഷ് ജനലിൽ കെട്ടി തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. രാസപരിശോധനാ ഫലത്തിന്റെയും, പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സംഭവ ദിവസം പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം ജനലഴിയിൽ നിന്നും വേർപെടുത്തി നിലത്തു കിടത്തിയ അവസ്ഥയിലായിരുന്നു. വീട്ടിനുള്ളിലെ ജനലഴിയിൽ സുനിത തൂങ്ങിയതായും താൻ കെട്ടഴിച്ച് രക്ഷിക്കാൻ ശ്രമിച്ചതായും സുരേഷ് അന്നേ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ സുരേഷ് സുനിതയെ കഴുത്തിൽ തുണിയിട്ട് വലിച്ചെന്നായിരുന്നു മകളുടെ മൊഴി.
തുടർന്ന് മാനന്തവാടി ഡിവൈ.എസ്.പി എ.പി ചന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. മരണകാരണം കഴുത്തിലെ മർദ്ദം മൂലം ശ്വാസം മുട്ടിയാണോ, രക്ത പരശോധനയിൽ രാസപദാർത്ഥം കണ്ടതിനാൽ അമിത മദ്യപാനമാണോ എന്ന സംശയം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താതെ പൊലീസ് വിട്ടയക്കുകയായിരുന്നു. യഥാർത്ഥ മരണകാരണം വ്യക്തമാകാൻ പൊലീസ് രാസപരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാഫലത്തിൽ മരണകാരണം അമിത മദ്യപാനമല്ലെന്നുള്ളത് വ്യക്തമാകുകയും അതിനാൽ മരണകാരണം കഴുത്തിലെ മർദ്ദം മൂലം ശ്വാസം മുട്ടിയാണെന്നുള്ളത് ഉറപ്പാക്കുകയും ചെയ്തതോടെ പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.