എരുമപ്പെട്ടി: എരുമപ്പെട്ടി ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിൽ അന്യസംസ്ഥാന തൊഴിലാളികളായ സഹോദരമാരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് മുക്കിലപീടിക സ്വദേശി കൊണ്ടംതൊടിയിൽ കണ്ണൻ (26) നെയാണ് ഇൻസ്‌പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കടം നൽകിയ 2000 രൂപ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയത്. ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയിലെ താമസക്കാരും തമിഴ്‌നാട് സ്വദേശികളുമായ മുത്തു (26), മണികണ്ഠൻ (28) എന്നിവരെയാണ് കണ്ണൻ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ആറാം തിയതി രാത്രിയിലാണ് സംഭവം. മണികണ്ഠനിൽ നിന്ന് പ്രതി കടം വാങ്ങിയ പണം തിരികെ ചോദിക്കാൻ ചെന്നപ്പോൾ മണികണ്ഠനെ ആദ്യം ആക്രമിക്കുകയും ഇവിടെ നിന്ന് രക്ഷപ്പെട്ട് പോയ മണികണ്ഠനേയും മുത്തുവിനേയും പിന്തുടർന്ന് താമസസ്ഥലത്ത് ചെന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചിനും കൈയ്യിലും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. മണികണ്ഠന്റെ നെഞ്ചിലും മുത്തുവിന്റെ കയ്യിലുമാണ് കുത്തേറ്റത്. പരിക്കേറ്റ സഹോദരൻമാരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ പ്രതി നാടുവിടാൻ ശ്രമിക്കുന്നതിനടയിൽ എരുമപ്പെട്ടിയിൽ വച്ച് പിടിയിലാവുകയായിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.വി. സുഗതൻ, സിവിൽ പൊലീസ് ഓഫീസർ കെ. സഗുൺ,എസ്. അഭിനന്ദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.