
തൃശൂർ: ചെറുതുരുത്തിയിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിലെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ കണ്ടെത്തി. മേലെ വെട്ടിക്കാട്ടിരി 15 പാലത്തിന് സമീപം താമസിക്കുന്ന ആർ.എസ്.എസ് ഖണ്ഡ് സഹകാര്യവാഹ് ബിബീഷിന്റേയും സഹോദരൻ അനീഷിന്റേയും വീട്ടിൽ നിറുത്തിയിട്ടിരുന്ന നാല് ബൈക്കുകളാണ് കത്തി നശിച്ചത്. മൂന്ന് വണ്ടികൾ പൂർണമായും ഒരു ബൈക്ക് ഭാഗികമായും കത്തിയ നിലയിലാണ്. വീടിനുമുന്നിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് കത്തിയില്ല. ഇന്നലെ പുലർച്ചെ 4 മണിക്ക് വഴിയാത്രക്കാരൻ ബൈക്കുകൾ കത്തുന്നത് കണ്ട് ഹോണടിച്ച് വീട്ടുകാരെ അറിയിച്ചില്ലെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. സ്ത്രീകളും കുട്ടികളും ബൈക്ക് കത്തിച്ചതിന്റെ തൊട്ടടുത്ത റൂമിലാണ് കിടന്നിരുന്നത്. ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാർ ആവശ്യപ്പെട്ടു. പ്രദേശത്ത് കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണ്. സമാനമായ രണ്ട് തീവെപ്പ് സംഭവങ്ങൾ രണ്ട് വർഷത്തിനിടയിൽ പ്രദേശത്ത് ഉണ്ടായിട്ടും പ്രതികളെ പിടിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അനീഷ്കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് എ.സി.പിയുമായും അദ്ദേഹം സംസാരിച്ചു. ബി.ജെ.പി മണ്ഡലം പ്രസിന്ധന്റ് പി.ആർ. രാജ്കുമാർ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാജി, രാജീവ് സോന, സുരേന്ദ്രൻ എന്നിവരും പ്രസിഡന്റിനോടൊപ്പം സംഭവസ്ഥലം സന്ദർശിച്ചു.