poverty

തിരുവനന്തപുരം : സംസ്ഥാനത്തെ അറുപത്തി നാലായിരം അതിദരിദ്ര കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന മൈക്രോപ്ലാൻ ആഗസ്റ്റ് 31ന് മുമ്പ് പൂർത്തിയാക്കും. ഇതിനുള്ള നിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി.

അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ അടുത്ത ഘട്ടമാണിത്.

ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ പ്ലാനിൽ ഉൾപ്പെടുത്തണം. അടിയന്തരമായി നടപ്പാക്കേണ്ടവ, ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ തിരിച്ച് പ്ലാൻ തയ്യാറാക്കും. താമസിക്കാൻ സ്ഥലമില്ലാത്തവർ, ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങൾക്കും വകയില്ലാത്തവർ എന്നിങ്ങനെ അടിയന്തര സഹായം വേണ്ടവർക്കാണ് ആദ്യ പരിഗണന. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിൽ തദ്ദേശസ്ഥാപനങ്ങളുടെ പരിമിതി മറികടക്കാൻ വ്യാപാരി - വ്യവസായി സംഘടനകൾ, പ്രവാസി സംഘടനകൾ, സന്നദ്ധ സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാറാക്കും. ഇതിനായി കോർഡിനേഷൻ കമ്മിറ്റികൾ തദ്ദേശസ്ഥാപനങ്ങൾ രൂപീകരിക്കും.

സംസ്ഥാനത്ത് അതിദരിദ്രരായ 64,006 കുടുംബങ്ങളുണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്. ഇതിൽ 43,​850 (68.5%)എണ്ണത്തിലും ഒരാൾ മാത്രമാണുള്ളത്. മലപ്പുറവും, തിരുവനന്തപുരവുമാണ് ഏറ്റവും കൂടുതൽ അതിദരിദ്രരുള്ള ജില്ലകൾ.

കണ്ണീർ ചിത്രം

35% കുടുംബങ്ങൾക്ക് വരുമാന മാർഗമില്ല

24% കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു

21% ഭക്ഷണത്തിന് വകയില്ലാത്തവ‌ർ

15 % വീടില്ലാത്തവർ

താമസ സ്ഥലം ഇല്ലാത്തവർക്ക് താത്കാലിക സൗകര്യമൊരുക്കും

അപേക്ഷിച്ചില്ലെങ്കിലും ഇവർക്ക് ലൈഫ് വീട് നൽകും

വയസായവരെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും

' എല്ലാ കേന്ദ്രസംസ്ഥാന പദ്ധതികളും ഫലപ്രദമായി സംയോജിപ്പിച്ചാവും അതിദാരിദ്ര്യം ഇല്ലാതാക്കുക.'

-എം.വി.ഗോവിന്ദൻ

തദ്ദേശമന്ത്രി


.