വർക്കല :ഗുരുവിനെക്കാൾ വലിയ പരബ്രഹ്മം വേറെയില്ലെന്ന് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ. വർക്കലയിൽ ബാലഗോകുലം 47-ാം സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ഗുരൂപൂജ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ പാദത്തിൽ തലകുനിക്കുമ്പോൾ നാം ആകാശത്തോളം ഉയരും. ഗുരുഭക്തിയേക്കാൾ വലുതായ മറ്റൊരുകാര്യം ഭാരതീയനില്ല. ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള ആത്മബന്ധത്തിന്റെ അടിത്തറപോലും ഗുരുഭക്തിയും ഗുരുകുലവാസവുമാണ്. കുട്ടികൾ ഗുരുഭക്തി ശീലമാക്കണം. ഗുരുക്കന്മാരെ സ്മരിക്കുന്നതിലൂടെ ജീവിതം ഉന്നതിയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
പെരുമ്പടവം, സ്വാമി ത്യാഗീശ്വരൻ, ലക്ഷ്മിക്കുട്ടിഅമ്മ, പ്രൊഫ. സി.ജി. രാജഗോപാൽ, ഡോ. എൽ.ആർ. മധുജൻ, മാർഗി വിജയകുമാർ എന്നിവരെ ഗുരുപൂജ ചെയ്ത് ആദരിച്ചു. തിരുവനന്തപുരം മേഖലാ അദ്ധ്യക്ഷൻ പി. നാരായണൻ അദ്ധ്യക്ഷനായി. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ, ജി.എസ്.ബാബുരാജ്, സുനിൽ.കെ എന്നിവർ സംസാരിച്ചു. സൗരക്ഷിക തയ്യാറാക്കിയ 'വലയിൽ വീഴാതെ വളരാം' എന്ന പുസ്തകം സൗരക്ഷിക പൊതുകാര്യദർശി ജി.സന്തോഷ് കുമാർ ആർ. പ്രസന്നകുമാറിന് നൽകി പ്രകാശനം ചെയ്തു.