
ചെന്നൈ : ഫെയ്‌മയുടെ ആഭിമുഖ്യത്തിലുള്ള മറുനാടൻ മലയാളി മഹാസമ്മേളനത്തിന് തുടക്കമായി. കോയമ്പേട് സെന്റ് തോമസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യാതിഥിയായിരുന്നു.
പ്രവാസി സമൂഹത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ആസ്തി കഴിവതും പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. വികസന കാര്യത്തിലും മാനവീയതയുടെ കാര്യത്തിലും കക്ഷിരാഷ്ട്രീയം പാടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ഫെയ്‌മ ദേശീയ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും മീഡിയ സമ്മേളനം ഡോ. സെബാസ്റ്റ്യനും ഉദ്ഘാടനം ചെയ്തു.
വൈകിട്ട് നടന്ന കലാപരിപാടികൾ സിനിമാ നടി ഷീല ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും.