മലയാളത്തിലും തമിഴിലും നായികയായി തിളങ്ങുന്ന ശിവദ സംസാരിക്കുന്നു

ഹൈദരാബാദിലാണ് ശിവദ. ജയ് നായകനാവുന്ന പേരിടാത്ത തമിഴ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നു. രോഹിത് വെങ്കിടേഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശിവദ ഇതു രണ്ടാം തവണ. മലയാളത്തിൽ ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കാനാണ് ഇനി വരുന്നത്. അതു കഴിഞ്ഞാൽ ഉടൻ ശിവദയെ കാത്ത് തമിഴ് ചിത്രമുണ്ട്. ട്വൽത്ത് മാനിലും മേരീ ആവാസ് സുനോയിലും ശിവദ തിളങ്ങുന്ന കാഴ്ച അടുത്തിടെ കണ്ടു.രണ്ടു സിനിമകളും ഒന്നിനു പിന്നാലെ എത്തി. സിനിമ യാത്രയിലെ വിശേഷങ്ങൾ ശിവദ കേരള കൗമുദിയോട് പങ്കുവയ്ക്കുന്നു.
മോഹൻലാലിനും മഞ്ജു വാര്യർക്കൊപ്പം ആദ്യമായി അഭിനയിച്ചു ?
ലാലേട്ടനും മഞ്ജു ചേച്ചിക്കും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഒരു പഠനകളരിയായിരുന്നു രണ്ടുപേർക്കും ഒപ്പമുള്ള അഭിനയം. ലാലേട്ടനെ അവാർഡ് ചടങ്ങിലും ഒാഡിയോ ലോഞ്ചിനും കണ്ടിട്ടുണ്ട്. മഞ്ജു ചേച്ചിയെ മേരീ ആവാസ് സുനോയുടെ ലൊക്കേഷനിലാണ് ആദ്യമായി കാണുന്നത്. രണ്ടുപേരുടെയും സിനിമകൾ കണ്ട് അവരെ ആരാധിച്ചാണ് വളർന്നത്. ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അതിന് മുകളിൽ ആകാംക്ഷയും അത്ഭുതവും .അതുവരെ സ്ക്രീനിൽ മാത്രമാണ് അവരുടെ അഭിനയം കണ്ടത്. രണ്ടുപേരും നേരിട്ട് അഭിനയിക്കുന്നത് എങ്ങനെ എന്നതിന്റെ ആകാംക്ഷ കൂടെത്തന്നെയുണ്ടായിരുന്നു. ഒരു സീൻ നന്നാക്കുന്നത് എങ്ങനെ എന്ന് കണ്ടു പഠിച്ചു. എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസം ലൊക്കേഷനിൽ പോയി എന്ത് മാജിക് ആണ് അവർ കാട്ടുന്നത് എന്ന് മോണിറ്ററിൽ കാണാനും പഠിക്കാനും ശ്രമം നടത്തി.
മേരീ ആവാസ് സുനോയിലെ മെറിൽ, ട്വൽത്ത് മാനിലെ ഡോ. നയന, ആരോടാണ് കൂടുതൽ പ്രിയം?
എന്നോട് ചേർന്നുനിൽക്കുന്നവരാണ് രണ്ടുപേരും. നൂറുശതമാനം ആത്മാർത്ഥത പുലർത്തിയാണ് കഥാപാത്രങ്ങൾ ചെയ്യുന്നത്. നല്ല അഭിപ്രായം പ്രേക്ഷകരിൽ നിന്നു ലഭിച്ചു. അഭിനയ സാധ്യത നിറഞ്ഞ മുഴുനീള കഥാപാത്രമായിരുന്നു മെറിൽ. കൂടുതൽ ഇഷ്ടം മെറിലിനോട് തന്നെ. ഭർത്താവിന് സുഖമില്ലാതെ വന്നപ്പോൾ കൂടെനിന്നു പരിചരിക്കുന്ന ഭാര്യ. വീട്ടിൽ ഒരു പ്രശ്നമുണ്ടെങ്കിൽ അവിടത്തെ സ്ത്രീകൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് എന്ന് സിനിമയിൽ ഡയലോഗുണ്ട്. അതിലൂടെ എല്ലാം കടന്നുപോവുന്നുണ്ട് മെറിൽ . അഭിപ്രായങ്ങൾ തുറന്നടിച്ചു പറയുന്ന ശരി എന്നു തോന്നുന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്ന വളരെ ബോൾഡ് ആണ് നയന.മെറിലിന്റെയും നയനയുടെയും സന്ദർഭങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടില്ല. അങ്ങനെ വരാതിരിക്കട്ടെ.
മലയാളത്തിനേക്കാൾ തമിഴിലാണോ കൂടുതൽ ശ്രദ്ധ?
രണ്ടിടത്തും ഒരേപോലെ സിനിമ ചെയ്യുന്നുണ്ട്. തമിഴിൽ എസ്.ജെ. സൂര്യയ്ക്കൊപ്പം ഇരവകാലം, പുതുമുഖങ്ങളുടെ കൂടെ കട്ടം, അശോക് സെൽവൻ ചിത്രം നിതം ഒരുവാനം എന്നീ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ഇരുമ്പൻകാരി എന്ന ചിത്രത്തിൽ സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിൽ ജവാനും മുല്ലപ്പൂവും.ശക്തമായ കഥാപാത്രം.രണ്ടു ഭാഷയിൽനിന്നും നല്ല കഥാപാത്രങ്ങളാണ് എത്തുന്നത്.
ശിവദയുടെ കഥാപാത്രങ്ങൾ എല്ലാം വേറിട്ടവരാണല്ലേ ?
കഥാപാത്രത്തെ അങ്ങനെ തിരഞ്ഞെടുക്കാറില്ല. പ്രേക്ഷകന്റെ ഭാഗത്തുനിന്ന് കഥാപാത്രത്തെയും സിനിമയെയും കാണാൻ ശ്രമിക്കും. കൊള്ളാം എന്ന തോന്നൽ ഉണ്ടായാൽ തീർച്ചയായും അതിന്റെ ഭാഗമാകും. സിനിമ കണ്ട് ഇറങ്ങുമ്പോൾ കഥാപാത്രം മനസിലുണ്ടെങ്കിൽ അത് നടന്റെയോ നടിയുടെയോ വിജയമാണ്. അത്തരം കഥാപാത്രം ആണോ എന്ന് ഞാൻ നോക്കാറുണ്ട്. നായിക വേഷമായിട്ടും ഒന്നോ രണ്ടോ സീൻ മാത്രം വന്നുപോയിട്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ലല്ലോ. അഭിനയ സാധ്യത നിറഞ്ഞ കഥാപാത്രങ്ങളാണ് ദൈവം സഹായിച്ച് ഇപ്പോൾ വരുന്നത്.