
കുളത്തൂർ : ആക്രി പെറുക്കി നടക്കുന്നയാളിന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു.കഴക്കൂട്ടം നെട്ടയക്കോണം പുതുവൽ പുത്തൻവീട്ടിൽ കെ.ഭുവനചന്ദ്രനാണ് (65) മരിച്ചത്. ഇന്നലെ രാവിലെ 10.30 ന് കഴക്കൂട്ടം അമ്പലത്തിൻകര കെ.എസ്.ഇ.ബി. സബ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഗൃഹനാഥനെ ആക്രമിച്ച് ചവിട്ടിവീഴ്ത്തിയ ആക്രിക്കാരൻ സംഭവത്തിന് ശേഷം കടന്നുകളഞ്ഞു.
കരൾ സംബന്ധമായ രോഗത്തിന് അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ ഭുവനചന്ദ്രൻ മുൻപ് ജോലി ചെയ്‌തിരുന്ന കരിക്ക് വിൽക്കുന്ന സ്റ്റാളിന്റെ തൊട്ടടുത്തുള്ള വീട്ടിലാണ് പുറംപണി ചെയ്തിരുന്നത്. ഇവിടെയാണ് ഇയാളുടെ ഭാര്യ ജയശ്രീയും വീട്ടുപണിക്ക് നിന്നിരുന്നത്. ഇന്നലെ രാവിലെ 10.30 ഓടെ, ജോലിചെയ്യുന്ന വീട്ടിൽ നിന്ന് കരിക്ക് സ്റ്റാളിലെത്തിയ ഭുവനചന്ദ്രൻ സംസാരിച്ചു നിൽക്കവെ അതുവഴിവന്ന ഒരു കൈ നഷ്ടപ്പെട്ട ആക്രിക്കാരൻ കടയുടെ മുന്നിൽ കാർക്കിച്ച് തുപ്പി. ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. അതിനിടെ, ആക്രിക്കാരൻ ഭുവനചന്ദ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. വയറിൽ ചവിട്ടേറ്റ ആഘാതത്തിൽ റോഡിൽ ഭുവനചന്ദ്രൻ കുഴഞ്ഞുവീണു. ആൾക്കാർ ഓടിക്കൂടുന്നതിന് മുൻപ് ആക്രിക്കാരൻ രക്ഷപ്പെട്ടു. ഭുവനചന്ദ്രനെ ഉടനെ ഓട്ടോറിക്ഷയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
തെരുവിൽ അലഞ്ഞുതിരിഞ്ഞ് ആക്രി പെറുക്കി നടക്കുന്ന പ്രതി സംഭവത്തിന് ശേഷം കൊല്ലത്തേക്കുള്ള ബസിൽ കയറി രക്ഷപ്പെട്ടതായാണ് വിവരം. പ്രതിയെ ഉടൻ പിടികൂടുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. മക്കൾ : ലാലു, ബാലു.