
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തന്ത്രം മെനയാൻ തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി എസ്.ജയശങ്കർ കണ്ണമ്മൂലയിലെ ശ്രീവിദ്യാധിരാജ ജന്മസ്ഥാന ക്ഷേത്രം സന്ദർശിച്ചു. ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥാനം സന്ദർശിച്ച ഞാൻ അനുഗ്രഹീതനായെന്ന് മന്ത്രി എൻ.എസ്.എസ് നേതാക്കളോട് പറഞ്ഞു. ചട്ടമ്പി സ്വാമിയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഓരോന്നായി കേട്ടറിഞ്ഞു. ക്ഷേത്രം നാടിന് സമർപ്പിച്ചതിനുശേഷം ആദ്യമായി സന്ദർശനം നടത്തിയ വി.ഐ.പിയാണ് കേന്ദ്രമന്ത്രി ജയശങ്കർ. കവടിയാർ ടെന്നിസ് ക്ലബിൽ നടന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി പ്രാദേശിക ജനപ്രതിനിധികളുടെ യോഗത്തിനുശേഷം മാസ്‌കോട്ട് ഹോട്ടലിലേക്ക് മടങ്ങിയ മന്ത്രി മുണ്ടുടുത്ത് കേരളീയ വേഷത്തിലാണ് ശ്രീവിദ്യാധിരാജ ക്ഷേത്രത്തിലേക്ക് യാത്രതിരിച്ചത്. കേന്ദ്രമന്ത്രിയുടെ വരവറിഞ്ഞ് നൂറുകണക്കിന് ജനങ്ങൾ ക്ഷേത്രത്തിലും പരിസരത്തുമായി ഒത്തുകൂടി. ആറ് മണിയോടെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മന്ത്രി അരമണിക്കൂറോളം വൈകിയാണ് ക്ഷേത്രത്തിലെത്തിയത്.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത്‌കുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ ഭരണസമിതിയംഗങ്ങൾ മന്ത്രിയെ റോസാപ്പൂക്കൾ നൽകി സ്വീകരിച്ചു. ക്ഷേത്രനടയിൽ ജയശങ്കർ,കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവരെ സംഗീത്‌കുമാർ പൊന്നാടയണിയിച്ചു. ദീപാരാധനയ്‌ക്ക് ശേഷം വിളക്ക് തൊട്ടുതൊഴുത ജയശങ്കർ ക്ഷേത്ര മേൽശാന്തി ശ്രീരാജനിൽ നിന്ന് പ്രസാദം വാങ്ങി. മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ജയശങ്കർ നിമിഷങ്ങളോളം ചട്ടമ്പിസ്വാമിയുടെ പ്രതിഷ്‌ഠയ്‌ക്ക് മുന്നിൽ തൊഴുകൈകളോടെ നിന്നു.
ക്ഷേത്രദർശനത്തിന് ശേഷം വിദ്യാധിരാജ പഠനഗവേഷണ കേന്ദ്രത്തിലെത്തിയ മന്ത്രി എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത്‌കുമാറുമായി ദീർഘനേരം സംഭാഷണം നടത്തി. ക്ഷേത്രത്തിന്റെ ചരിത്രവും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും സംഗീത്കുമാർ അദ്ദേഹത്തിന് വിശദീകരിച്ചു. മന്നത്ത് പദ്മനാഭന്റെയും ചട്ടമ്പി സ്വാമിയുടെയും ജീവചരിത്രങ്ങൾ മന്ത്രിക്ക് സംഗീത്‌കുമാർ നൽകി. ഇളനീർ കുടിച്ച് സന്ദർശന പുസ്‌തകത്തിൽ അഭിപ്രായം എഴുതിയാണ് ജയശങ്കർ ക്ഷേത്രത്തിൽ നിന്നു മടങ്ങിയത്. ബി.ജെ.പി നേതാക്കളായ വി.വി. രാജേഷ്, എസ്.സുരേഷ്, ചെങ്കൽ രാജശേഖരൻ നായർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് വിനോദ്‌കുമാർ,എം.കാർത്തികേയൻ നായർ, ശാസ്‌തമംഗലം മോഹൻ, വനിതാ യൂണിയൻ പ്രസിഡന്റ് എം.ഈശ്വരിയമ്മ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഏഴ് മണിയോടെ പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ അദ്ദേഹം അരമണിക്കൂറോളം ചെലവഴിച്ചു.