തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ റിമാൻഡിലായ റെയിൽവേ മെക്കാനിക്കൽ സെക്ഷൻ ജീവനക്കാരൻ മുരുകേശൻപിള്ളയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തമ്പാനൂർ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ജോലി തട്ടിപ്പ് കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.
മണക്കാട് സ്വദേശി അനൂപിന്റെ പരാതിയിലാണ് കഴിഞ്ഞദിവസം മുരുകേശൻപിള്ളയെ പൊലീസ് അറസ്റ്റ് ചെയ്തത്. റെയിൽവേയിൽ കൊമേഴ്സ്യൽ ക്ളാർക്കായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2020 നവംബർ 5ന് അനൂപിൽ നിന്ന് റെയിൽവേ ഫ്ളാറ്റിൽവച്ച് രണ്ട് ലക്ഷം രൂപ നേരിട്ടും 2020 ഡിസംബറിൽ രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും വാങ്ങിയെന്നാണ് കേസ്. ഫോർട്ട് പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം റൂറൽ പൊലീസിലെ വിവിധ സ്റ്റേഷനുകളിലും മുരുകേശൻ പിള്ളയ്ക്കെതിരെ പരാതിയുമായി ആളുകൾ സമീപിച്ചതായി തമ്പാനൂർ പൊലീസ് പറഞ്ഞു. തട്ടിപ്പിൽ റെയിൽവേ ജീവനക്കാരുൾപ്പെടെ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മുരുകേശൻ പിള്ളയുടെ നിയമനം സംബന്ധിച്ച് അന്വേഷിക്കാനും തട്ടിപ്പ് നടത്തി സമ്പാദിച്ച പണം കണ്ടെത്താനുമാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.