verchual

തിരുവനന്തപുരം: പൊലീസ് ആവിഷ്‌ക്കരിച്ച ശബരിമല വെർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഹൈക്കോടതി വിധി അംഗീകരിച്ചാണിത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു.

ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിലെ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനിമുതൽ ദേവസ്വം ബോർഡ് നടത്തും. വെർച്വൽ ക്യൂവിന് ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും. ഐ.ടി വിഭാഗം ശക്തിപ്പെടുത്തും. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. വെർച്വൽ ക്യൂ നിയന്ത്രണത്തിലും സൂക്ഷ്മപരിശോധനയിലും പൊലീസ് സഹായം തുടരും.