
തിരുവനന്തപുരം: വിജിലൻസ് ഇനി കൂട്ടിലടച്ച തത്തയാവില്ലെന്നും വിജിലൻസിനെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഭയക്കുന്ന സാഹചര്യമുണ്ടാവുമെന്നും വിജിലൻസിന്റെ പുതിയ മേധാവി മനോജ് എബ്രഹാം. പി.എം.ജിയിലെ വിജിലൻസ് ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം 'കേരളകൗമുദി'യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി തടയാൻ ജാഗ്രത പുലർത്തുന്നതിനൊപ്പം അഴിമതി വിരുദ്ധ പ്രവർത്തനങ്ങളും നടത്തും. മുഴുവൻ സമയ മേധാവിയില്ലാത്തതിനാൽ ഏറെക്കാലമായി മരവിപ്പിലായിരുന്നു. ചെറിയ കൈക്കൂലിക്കാരെ ചാടിവീണ് പിടിക്കുന്നതായിരുന്നു പതിവ്. വമ്പൻ അഴിമതികൾ പിടിക്കുന്നുണ്ടായിരുന്നില്ല. വലിയ തട്ടിപ്പുകളും പിടികൂടും. വിജിലൻസ് ഉണ്ടെന്ന് ജനങ്ങൾക്ക് ബോദ്ധ്യമാവും. ജനങ്ങളിൽ നിന്ന് വിവരം ശേഖരിച്ച് അഴിമതിക്കാരെ കൈയോടെ പിടികൂടും. സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയും. അഴിമതിവിരുദ്ധ നടപടികൾ കാര്യക്ഷമമാക്കുന്നത് ചർച്ചചെയ്യാൻ ബുധനാഴ്ച വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഭയക്കേണ്ടിവരും. എന്നാൽ, മിടുക്കരായ ഉദ്യോഗസ്ഥർ ക്രൂശിക്കപ്പെടാനും പാടില്ല. ഓഫീസുകളിലും മറ്റും കൈക്കൂലി വാങ്ങുന്നവരെ കെണിവച്ച് പിടികൂടുന്ന 'ട്രാപ്പ്' ഓപ്പറേഷനുകളുടെ എണ്ണം കൂട്ടും. സംഘടിതമായും ആസൂത്രിതമായും കൈക്കൂലി വാങ്ങുന്നതും അതിന് സാഹചര്യമുണ്ടാക്കുന്നതും തടയും. വിജിലൻസ് നടപടി ഭയന്നും ഭാവിയിൽ പ്രശ്നമുണ്ടാകാമെന്ന് കരുതിയും നല്ല ഉദ്യോഗസ്ഥർ തീരുമാനമെടുക്കാൻ മടിക്കുന്ന സാഹചര്യമുണ്ടാവരുത്. എല്ലാ വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും- അഡി.ഡി.ജി.പി മനോജ് എബ്രഹാം വ്യക്തമാക്കി.
ഇന്നലെ രാവിലെ പത്തേകാലിന് ചുമതലയേൽക്കാനെത്തിയ മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്ടറുടെ ചുമതലയുണ്ടായിരുന്ന എച്ച്. വെങ്കടേശ് സ്വീകരിച്ചു. ഇന്റലിജൻസ് എസ്.പി ഇ.എസ്.ബിജുമോൻ, ഹെഡ്ക്വാർട്ടേഴ്സ് ഡിവൈ.എസ്.പി സി.വിനോദ്, വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ ആശംസയറിയിച്ചു.
വിജിലൻസിൽ കന്നിയങ്കം
# വിജിലൻസിൽ ആദ്യം
# 2031വരെ സർവീസുണ്ട്
# ഐ.പി.എസ് 1994ബാച്ച്
# തുടക്കം അടൂർ എ.എസ്.പി
# ഇതുവരെ: പത്തനംതിട്ട, കൊല്ലം എസ്.പി, തിരുവനന്തപുരം, കൊച്ചി കമ്മിഷണർ, പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി, തിരുവനന്തപുരം റേഞ്ച് ഐ.ജി, ക്രൈം റെക്കാഡ്സ് ബ്യൂറോ എ.ഡി.ജി.പി, പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി
# വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരം, ഇന്റർപോൾ അവാർഡ്, മറ്റു പുരസ്കാരങ്ങൾ