നെയ്യാറ്റിൻകര: ശ്രീനാരായണഗുരു ആദ്യപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ കർക്കടക വാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതോടനുബന്ധിച്ച് കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മഠത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക ആലോചനായോഗം നടന്നു.
ക്ഷേത്രത്തിന് സമീപത്തും നദിക്കരയിലുമായി വനിതാ പൊലീസടക്കം ആവശ്യമായ പൊലീസ് സേനയുടെ നിരീക്ഷണം ഉണ്ടായിരിക്കും. ഗതാഗതതടസം ഒഴിവാക്കാനായി വാവുബലിയുടെ തലേദിവസം രാത്രി മുതൽ പൊലീസ് പട്രോളിംഗ് നടത്തും.ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തും. മുങ്ങൽ വിദഗ്ദ്ധരടക്കമുള്ള ഫയർഫോഴ്സ് സംഘം നദിക്കരയിൽ സേവനമനുഷ്ഠിക്കും. ആംബുലൻസ് സൗകര്യത്തോടെ ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘത്തെ സജ്ജീകരിക്കും. എല്ലാ സ്ഥലങ്ങളിലേക്കും കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് നടത്തും. പ്രദേശത്തെ ശുദ്ധജല ലഭ്യതയും, കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ തെരുവ് വിളക്കുകളുടെ പ്രവർത്തനക്ഷമതയും, പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും. ഒരേസമയം 500 പേർക്കാണ് ബലിതർപ്പണത്തിനുളള സൗകര്യമൊരുക്കിയിട്ടുള്ളത്. ക്രമീകരണങ്ങൾ 28ന് മുൻപ് പൂർത്തിയാക്കുമെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.