life-project

തിരുവനന്തപുരം: സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിന്റെ കരട് പട്ടികയിൽ അപ്പീൽ സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ രണ്ടാം ഘട്ടത്തിൽ ലഭിച്ചത് 14,009 അപ്പീലുകളും 89 ആക്ഷേപങ്ങളും. ഇതിൽ 12,220 അപ്പീലുകൾ ഭൂമിയുള്ള ഭവനരഹിതരുടേതും, 1789 അപ്പീലുകൾ ഭൂമിയില്ലാത്ത ഭവനരഹിതരുടേതുമാണ്.

അനർഹർ കടന്നുകൂടിയെന്ന് ആരോപിച്ച് ഭൂമിയുള്ളവരുടെ ഗുണഭോക്തൃ പട്ടികയിൽ 79, ഭൂമിയില്ലാത്തവരുടെ പട്ടികയിൽ 10 എന്നിങ്ങനെയാണ് ആക്ഷേപങ്ങൾ ലഭിച്ചത്. ജൂൺ 10ന് പ്രസിദ്ധീകരിച്ച ആദ്യ കരടു പട്ടികയിൽ 5,14,381 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യഘട്ടം ലഭിച്ച അപ്പീലുകളിൽ നിന്ന് 46,377 പേരെക്കൂടി പട്ടികയിൽ ചേർത്തതോടെ ഗുണഭോക്താക്കളുടെ എണ്ണം 5,60,758 ആയി.

രണ്ടാം ഘട്ടത്തിൽ ലഭിച്ച അപ്പീലുകളുടെയും ആക്ഷേപങ്ങളുടേയും പരിശോധന ജൂലായ് 20നകം പൂർത്തിയാക്കും. 22ന് പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇത് ഗ്രാമ/വാർഡ് സഭ ആഗസ്റ്റ് അഞ്ചിനകം യോഗം ചേർന്ന് ചർച്ച ചെയ്യും. അനർഹർ പട്ടികയിൽ ഇടംപിടിച്ചെന്ന് ബോദ്ധ്യപ്പെട്ടാൽ ഒഴിവാക്കാൻ ഇവയ്ക്ക് അധികാരമുണ്ട്. ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എല്ലാ ജീവനക്കാരും ജനപ്രതിനിധികളും ഊർജസ്വലമായി ഇടപെടണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.