വെള്ളറട:മലയോര ഹൈവേയുടെ കുടപ്പനമൂട് വാഴിച്ചൽ റീച്ചിന് 12.13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പാറശാല നിയോജക മണ്ഡലത്തിലെ പാറശാല മുതൽ പരുത്തിപ്പള്ളി വരെ ആദ്യലയർ ടാറിംഗ് പൂർത്തിയാക്കി. വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. റോഡ് നിർമ്മാണ രംഗത്തെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. പേരേക്കോണം മുതൽ ആടുവള്ളി വരെയുള്ള ഭാഗത്ത് റോഡ് പുറമ്പോക്കിൽ താമസിക്കുന്ന മറ്റ് സ്ഥലങ്ങളിൽ ഭൂമിയോ വീടോ ഇല്ലാത്ത 42 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും പൊതുമരാമത്ത്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ അതിവേഗം സ്വീകരിച്ചു വരികയാണ്.

സംരക്ഷണഭിത്തികൾ,കാൽനടയാത്രക്ക് ഇന്റർലോക്ക് ടൈൽ പാകിയ പാതകൾ,കോൺക്രീറ്റ് ഓടകൾ, കലുങ്കുകൾ,യൂട്ടിലിറ്റി ക്രോസ് ഡെക്ടറുകൾ എന്നിവ ഉൾപ്പെടുന്നതാണ് മലയോര ഹൈവേ പദ്ധതി.വാഹന യാത്രക്കാർക്ക് വേ സൈഡ് അമിനിറ്റി സെന്ററും പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ബസ് ഷെൽട്ടറും ഉണ്ടാകും.സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഒന്നിലേറെ തവണ സർവകക്ഷിയോഗം വിളിച്ചുചേർത്താണ് റോഡു നിർമ്മാണം നടത്തുന്നതും നിലവിലെ നെടുമങ്ങാട് ഷെർലക്കോട് റോഡിലൂടെ മലയോരഹൈവേ നിർമ്മാണത്തിന് തീരുമാനിമെടുത്തതും. ഇതിലേക്കായി സമർപ്പിച്ച ഡീവിയേഷൻ പ്രൊപ്പോസലിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരള തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഹൈവേയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചരക്കുഗതാഗതത്തിനും അന്തർസംസ്ഥാന വ്യാപാര വാണിജ്യ രംഗങ്ങൾക്കും ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാതയ്ക്കും പുത്തനുണർവ്വുണ്ടാകും. വാഴിച്ചൽ കുടപ്പനൂട് റീച്ചിന്റെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി നവംബർ മാസത്തോടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.