തിരുവനന്തപുരം: 'എന്റെയും കുട്ടികളുടെയും മുന്നിലിട്ടാണ് ഭർത്താവിനെ വെട്ടിനുറുക്കിയത്. ഞങ്ങളുടെ കഴുത്തിൽ വടിവാൾ വച്ചതിനാൽ തടയാൻ കഴിഞ്ഞില്ല"- വിതുമ്പലോടെ ബിന്ദു പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴിനൽകിയ ശേഷം സാക്ഷിക്കൂട്ടിൽ തളർന്നിരുന്നു.
2010 ഏപ്രിൽ 10ന് രാത്രി 9ഓടെ ഏഴംഗ സംഘം വീട്ടിൽ കയറി കൊലപ്പെടുത്തിയ അഞ്ചൽ രാമഭദ്രന്റെ ഭാര്യ ബിന്ദുവാണ് ഇന്നലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.സനിൽ കുമാറിന് മുന്നിൽ മൊഴി നൽകിയത്. ബിന്ദുവിനെ കോടതി ഏറെനേരം സമാശ്വസിപ്പിച്ച ശേഷമാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്.
രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് കൊലപ്പെടുത്തിയത്. 12 വർഷം കഴിഞ്ഞിട്ടും മനസിൽ നിന്ന് ആ ഭീകര ദൃശ്യം മാഞ്ഞിട്ടില്ല. കൊലവിളിയും ആക്രോശങ്ങളും ഇപ്പോഴും ഭയപ്പെടുത്തുന്നു. വെട്ടുകൊണ്ട് ഓടിയ ഭർത്താവിനെ പിന്തുടർന്ന് പലതവണ വെട്ടി. അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചതെന്നും ബിന്ദു കോടതിയിൽ പറഞ്ഞു.
കോൺഗ്രസ് ഏരൂർ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്റൻ പലർക്കും വീടുവച്ച് നൽകുന്നതിനും ജോലി വാങ്ങുന്നതിനും സഹായം നൽകിയിരുന്നു. ചിലർക്ക് സാമ്പത്തിക സഹായവും നൽകുമായിരുന്നു. ഇതേതുടർന്ന് സി.പി.എം നേതാക്കളായ ജയ്‌മോഹൻ, ബാബു പണിക്കർ, സുമൻ, അഫ്സൽ, ഗിരീഷ് എന്നിവർക്ക് രാമഭദ്റനോട് വിരോധം ഉണ്ടായിരുന്നു. പുതിയ വീട് വച്ച് അമ്മയെ അവിടെ താമസിപ്പിക്കണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അദ്ദേഹത്തിന്റെ മരണ ശേഷം അമ്മ ആരോടും സംസാരിച്ചിരുന്നില്ല. സംഭവത്തിന് ഒരുമാസത്തിന് ശേഷം അമ്മ മരിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച വാളും രാമഭദ്റന്റെ ചെരുപ്പും ബിന്ദു കോടതിയിൽ തിരിച്ചറിഞ്ഞു. ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ, അഞ്ചൽ ഏരിയാ സെക്രട്ടറി ബാബു പണിക്കർ എന്നിവരടക്കം 18 പേരാണ് കേസിലെ പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പ്രോസിക്യൂട്ടർ അരുൺ.കെ.ആന്റണി ഹാജരായി.