covid-vaccine

45-59 പ്രായക്കാരിൽ എടുത്തത് 2%

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുമ്പോഴും, നിയന്ത്രണങ്ങൾ പാടെ മാറിയതോടെ കരുതൽ ഡോസ് വാക്സിൻ എടുക്കുന്നതിൽ സംസ്ഥാനത്ത് തണുപ്പൻ പ്രതികരണം. എല്ലാവരും എടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമെങ്കിലും കരുതൽ ഡോസ് സൗജന്യമായി ലഭിക്കുന്ന ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപോരാളികൾ, 60വയസ് കഴിഞ്ഞവർ എന്നിവരിൽപോലും കാര്യമായ പുരോഗതിയില്ല.

രണ്ടു ഡോസും എടുത്ത 5,10,671 ആരോഗ്യപ്രവർത്തകരിൽ എടുത്തത് 2,40,866 (49%) പേർ. കൊവിഡ് പോരാളികളിൽ രണ്ടുഡോസ് എടുത്ത 5,36,866 പേരിൽ കരുതൽ സ്വീകരിച്ചത് 1,79,695 പേർ (34%). 60 വയസ് കഴിഞ്ഞവരിൽ 15,58,676 പേരും (38%). 54,55,054 പേരാണ് ഈ വിഭാഗത്തിൽ രണ്ടു ഡോസും എടുത്തത്.

പണം നൽകി കരുതൽ ഡോസ് എടുക്കേണ്ട 45-59നും മദ്ധ്യേ പ്രായമുള്ളവരിൽ (രണ്ട് ഡോസ്- 62,95,218പേർ) എടുത്തത് 76,729 പേർ മാത്രം- രണ്ടുശതമാനം. 18നും 44നും ഇടയിൽ രണ്ടു ഡോസും സ്വീകരിച്ച 1,29,50,570 പേരിൽ ഇതുവരെ എടുത്തത് 63,883 പേർ(2%) മാത്രവും. 15 -17, 12-14 വിഭാഗക്കാരിൽ കരുതൽ ഡോസ് വിതരണം ആരംഭിച്ചിട്ടില്ല.

ഇന്നലെ 2211 രോഗികൾ

സംസ്ഥാനത്ത് ഇന്നലെ 2211 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 16 മരണങ്ങളും റിപ്പോർട്ട് ചെയ്തു. പകർച്ചപ്പനിയും വ്യാപകമാണ്. ഇന്നലെ മാത്രം 15,466 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിപ്പനി ബാധിച്ച് 16 പേരും എലിപ്പനി ബാധിച്ച് 8 പേരും മരിച്ചു.