തിരുവനന്തപുരം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മുരുകേശൻപിള്ളയെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തമ്പാനൂർ പൊലീസ് സമർപ്പിച്ച അപേക്ഷ സി.ജെ.എം കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
അറസ്റ്റിലായ കേസിൽ പരാതിക്കാരനിൽ നിന്ന് പണം തട്ടിയെടുത്ത ഫ്ളാറ്റിലും ബാങ്കിലുമെത്തിച്ച് തെളിവെടുക്കും.
റെയിൽവേയിൽ അനധികൃതമായി ആരെയെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ, മുരുകേശൻപിള്ളയുടെ നിയമനം നിയമവിധേയമായാണോ, തട്ടിപ്പ് നടത്തിയ പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് തമ്പാനൂർ പൊലീസ് ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം തട്ടിപ്പിനിരയായ 15ഓളം പേർ തമ്പാനൂർ പൊലീസിൽ പരാതിയുമായി എത്തിയിട്ടുണ്ട്. ഈ പരാതികളിൽ മുരുകേശൻപിള്ളയ്ക്കെതിരെ കൂടുതൽ കേസുകൾ വരും ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യും. ഫോർട്ട് സ്റ്റേഷനിൽ ലഭിച്ച പരാതികളിലും പ്രത്യേകം കേസുകളും അറസ്റ്റുമുണ്ടാകുമെന്നാണ് സൂചന. വിവിധ പരാതികളിലായി അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.