
തിരുവനന്തപുരം: സമൂഹത്തിന്റെ നല്ല നിർമ്മിതിയ്ക്കായി കവിത വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകില്ലെന്നും ആ നല്ലകാല കവിതയുടെ തിരിച്ചുവരവിനായി സമൂഹം കാത്തിരിക്കുകയാണെന്നും പ്രൊഫ.വി.മധുസൂദനൻ നായർ. മലയാള ഭാഷ വികൃതമാകുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ ചിലപ്പോൾ നമുക്ക് നിഷേധിക്കാനാകില്ല. കൊച്ചുകുട്ടികളുടെ നാവിൽ നിന്ന് നല്ല അക്ഷരങ്ങൾ വരണം.അവരെ വായനയുടെ ലോകത്തേക്കു കൊണ്ടുവരാൻ നല്ലക്ഷരം പറഞ്ഞുകൊടുക്കാൻ നമ്മൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ കൂട്ടാംവിള സ്വാതി സാംസ്‌കാരിക സമിതി സംഘടിപ്പിച്ച കവിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രൊഫ: അജയപുരം ജ്യോതിഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ഗിരീഷ് പുലിയൂർ,ഡോ: ബിജു ബാലകൃഷ്ണൻ, ശാന്താ തുളസീധരൻ, ശാന്തൻ, ഫില്ലിസ് ജോസഫ്, ഡോ: കായംകുളം യൂനുസ് എന്നിവർ പങ്കെടുത്തു. സ്വാതി സെക്രട്ടറി എം.പ്രേംകുമാർ സ്വാഗതവും പ്രസിഡന്റ് ജി.ഹേമകുമാർ നന്ദിയും പറഞ്ഞു.