1

 കിരൺ കടൽത്തീരത്തേക്കുള്ള റോഡിലൂടെ ഓടുന്ന സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു

വിഴിഞ്ഞം: പെൺസുഹൃത്തിനെ കാണാനെത്തി ആഴിമലയിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിനെ ഇന്നലെയും കണ്ടെത്തിയില്ല. പ​ള്ളി​ച്ച​ൽ​ ​മൊ​ട്ട​മൂ​ട് ​വ​ള്ളോ​ട്ടു​കോ​ണം സ്വദേശി കിരൺ കടൽത്തീരത്തേക്കുള്ള റോഡിലൂടെ ഓടുന്ന സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു.

യുവാവിനെ മർദ്ദിച്ചെന്നും തട്ടിക്കൊണ്ട് പോയെന്നും സുഹൃത്തുക്കൾ മൊഴിനൽകിയവരെ ഇന്നലെയും പൊലീസിന് കണ്ടെത്താനായില്ല. കിരണിനെ ശനിയാഴ്ച ഉച്ചയ്‌ക്ക് 1.30ന്‌ ശേഷമാണ് കാണാതായത്. ഫേസ്ബുക്ക്‌വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ ബന്ധുക്കളായ സുഹൃത്തുക്കൾക്കൊപ്പം കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ളവർ മർദ്ദിച്ചെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമാണ് ഒപ്പമുണ്ടായിരുന്ന യുവാക്കൾ പൊലീസിനു നൽകിയ മൊഴി.

യുവാവ് കടലിൽ വീണെന്നുള്ള വിവരത്തെ തുടർന്നാണ് വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തുന്നത്. കടൽത്തീരത്ത് എത്തിച്ചേരുന്ന കയറ്റിറക്കമായ ഇടറോഡിലൂടെ ഓടുന്ന യുവാവിന്റെ സി.സി ടിവി ദൃശ്യമാണ് പ്രദേശത്തെ സ്വകാര്യ റിസോർട്ടിലെ കാമറയിൽ നിന്ന് പൊലീസിന് ലഭിച്ചത്. ഓടുന്നതിനിടെ യുവാവ് തിരിഞ്ഞുനോക്കുന്നതും ദൃശ്യത്തിൽ കാണാം. യുവാവിനെ ആരെങ്കിലും പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.

കിരണിനെ മർദ്ദിച്ച യുവാവിന്റെ ആഴിമലയിലുള്ള കടയിൽ സിസി ടി.വി കാമറയുണ്ടെങ്കിലും കട പൂട്ടിയ നിലയിലായതിനാൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ യുവാവ് ഓടിപ്പോയതായി കണ്ടെത്തിയ സ്ഥലത്തും മർദ്ദിച്ചെന്ന് പറയുന്ന സ്ഥലത്തും പൊലീസ് വിശദമായ പരിശോധന നടത്തി.