akshaysankar

വിതുര: അകാലത്തിൽ പൊലിഞ്ഞ അക്ഷയ് ശങ്കറിന് (20) ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വിതുര ആനപ്പാറ വലിയ മണലി അശ്വതി ഭവനിൽ ബിനുവിന്റെയും, ശ്രീജയുടേയും മൂത്തമകൻ അക്ഷയ് തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് - കരുപ്പൂര് - വിതുര റോഡിൽ കരുപ്പൂര് കോട്ടപ്പുറത്ത് വച്ചുണ്ടായ ബൈക്കപകടത്തിലാണ് മരിച്ചത്.

തിരുവനന്തപുരം ലുലുമാളിലെ ജീവനക്കാരനായ അക്ഷയ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കോട്ടപ്പുറത്ത് വച്ച് പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ അക്ഷയിന്റെ ദേഹത്ത് കൂടി കൊറളിയോട് ഭാഗത്ത് നിന്ന് വന്ന മറ്റൊരു ബൈക്ക് കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ അക്ഷയിനെ ഉടൻ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. വൈഷ്ണവിയാണ് സഹോദരി. അക്ഷയിന്റെ നിര്യാണത്തിൽ മന്ത്രി ജി.ആർ.അനിൽ,അടൂർപ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ.എ,ഡി.കെ.മുരളി എം.എൽ.എ,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,സി.പി.എം വിതുര ഏരിയാസെക്രട്ടറി എൻ.ഷൗക്കത്തലി,സി.പി.ഐ ജില്ലാകൗൺസിൽ അംഗം മീനാങ്കൽകുമാർ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ,ബി.ജെ.പി വിതുര പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.പി.അശോക് കുമാർ എന്നിവർ അനുശോചിച്ചു.