
കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലെ ലയൺ സഫാരി പാർക്ക് പൂട്ടി. ഏഷ്യയിലെ ആദ്യ ലയൺ സഫാരി പാർക്കാണിത്. നെയ്യാർ വന്യജീവി സങ്കേതത്തിന്റെ അംഗീകാരം സെൻട്രൽ സൂ അതോറിറ്റി ഒഫ് ഇന്ത്യ റദ്ദാക്കിയതായും ഇനി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ അനുമതിയില്ലാതെ തുറക്കാനാല്ലെന്ന സ്ഥിതിയിലാണ്. ഇതുസംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ, സി.കെ. ഹരീന്ദ്രൻ എം.എൽ.എയ്ക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി കേന്ദ്രം കനിഞ്ഞില്ലെങ്കിൽ ലയൺ സഫാരി പാർക്ക് ഓർമ്മയായി മാറും.
സംസ്ഥാന സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ ഹിയറിംഗ് അനുവദിക്കുകയും വൈൽഡ്‌ലൈഫ് വാർഡൻ ഹാജരാകുകയും ചെയ്‌തെങ്കിലും അന്തിമതീരുമാനം ലഭിച്ചിട്ടില്ല. 18 സിംഹങ്ങൾ ഉണ്ടായിരുന്ന ഇവിടെ എണ്ണം കുറയ്‌ക്കാൻ വന്ധ്യംകരണം നടപ്പിലാക്കിയതോടെ പാർക്കിന്റെ കഷ്ടകാലം തുടങ്ങി. പുതുതായി കൊണ്ടുവന്ന സിംഹങ്ങളും ആകെയുണ്ടായിരുന്ന ബിന്ദു എന്ന പെൺ സിംഹവും ജൂണിൽ മരിച്ചതോടെ പേരിൽ മാത്രമായി ലയൺ സഫാരി പാർക്ക്. ചികിത്സയ്‌ക്കെത്തിച്ച കടുവ മാത്രമാണ് പാർക്കിൽ ആകെയുള്ള വന്യജീവി. സൂ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ വനംവകുപ്പ് പാലിക്കാത്തതാണ് ഇപ്പോഴത്തെ ഉത്തരവിന് കാരണമെന്നാണ് ആരോപണം.