p

തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ പദ്ധതി (കെ–ഡിസ്ക്) രണ്ടാം ഘട്ടത്തിലേക്ക്. 2026നകം 20 ലക്ഷം പേർക്ക് തൊഴിലെന്ന പ്രഖ്യാപനവുമായി തുടങ്ങിയ പദ്ധതിയുടെ രണ്ടാംഘട്ടമായി, ബിരുദവും അതിന് മുകളിലും യോഗ്യതയുള്ള 25ലക്ഷത്തോളം പേർക്ക് ജോലിസാദ്ധ്യതകൾ പരിചയപ്പെടുത്തും. ഇതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി അംബാസഡർമാർ വീടുകളിലെത്തും. നോളേജ് ഇക്കോണമി മിഷൻ തയാറാക്കിയ ഡിജിറ്റൽ വർക്‌ഫോഴ്സ് മാനേജ്മെന്റ് സംവിധാനത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കും. സൈറ്റ് രജിസ്ട്രേഷന് പുറമേ മൊബൈൽ ആപ്പ് അടക്കമുള്ള സൗകര്യങ്ങൾ തൊഴിലവസരങ്ങളുടെ നോട്ടിഫിക്കേഷൻ കിട്ടും വിധം ഒരുക്കും. സ്‌പോക്കൺ, അഭിമുഖ പരിശീലന ക്ലാസുകൾ ഓൺലൈനായി ലഭ്യമാക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ ഹ്രസ്വകാല ദീർഘകാല കോഴ്സുകൾ പഠിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ നിന്ന് കമ്മ്യൂണിറ്റി അംബാസിഡർമാരെ കണ്ടെത്തുന്നതിനായി കാസർകോട്ടു നിന്ന് പരിശീലന പരിപാടി തുടങ്ങും.

രജിസ്റ്റർ ചെയ്തവർ

ഐ.ടി.ഐ 28,746,7
ഡിപ്ലോമ-42,120,4
പ്ലസ് ടു-24,202,46
ഡിഗ്രി-16,654,46
പി.ജി-54,773,1

മൊത്തം-53,420,94

4355 നിയമനം

കെ-ഡിസ്‌ക് തൊഴിൽമേളകൾ നടത്തി 14 ജില്ലകളിലായി ഇതുവരെ 4355 പേർക്ക് ജോലി ലഭിച്ചു. വനിതകൾക്കായി മൂന്നിടങ്ങളിൽ ബാക് ടു കരിയർ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ട വെർച്വൽ തൊഴിൽമേളകളും നടത്തി. 16,009 പേർ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. തൊഴിൽമേളകളിൽ ദേശീയ, രാജ്യാന്തര മേഖലകളിലെ 800ഓളം കമ്പനികൾ പങ്കെടുത്തു.

രജിസ്ട്രേഷൻ

knowledgemission.kerala.gov.in വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാം. രജിസ്ട്രേഷൻ നടത്തിയവർക്കു ജോലി ലഭിക്കാനുള്ള സേവനങ്ങൾ നോളജ് ഇക്കോണമി മിഷൻ അധികൃതർ ചെയ്തുതരും.