kadakavore

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മേഖലയിൽ രൂക്ഷമായി തുടരുന്ന കടലാക്രമണത്തിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ ദിവസം പുലർച്ചയോടെ ആരംഭിച്ച തിരയടിയിൽ മാമ്പള്ളി പ്രദേശത്തുള്ള പത്തോളം വീടുകൾ കടലെടുത്തു. ഒട്ടേറേ വീടുകളിൽ വെള്ളം കയറി. മാമ്പള്ളി ചായക്കുടി പുരയിടത്തിൽ സെലിൻ ആന്റണി, മണ്ണാക്കുളത്ത് റിച്ചാർഡ്,ഷേർലി പൗലോസ്, എൽവിൻ മണ്ണാക്കുളം, മാമ്പള്ളി മണ്ണാക്കുളം സ്വദേശികളായ അസ്കർ,പത്രോസ്, അനോജാ, സിൽവാ, വിക്ടോറിയാ റോസ് മേരി, ബെയ്ലിൻ എന്നിവരുടെ വീടുകളാണ് പൂർണമായി നശിച്ചത്.

മാമ്പള്ളി ചായക്കുടി പുരയിടത്തിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ തിരയിൽ ഒലിച്ചുപോയി. പ്രദേശത്ത് നിരവധി വീടുകൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു.

മാമ്പള്ളി, മുണ്ടുതുറ, മണ്ണാക്കുളം, ചായക്കുടി എന്നിവിടങ്ങളിൽ കടലാക്രമണത്തിന് ഇനിയും ശമനമായിട്ടില്ല. ഇടയ്ക്കിടെ ശക്തിയാർജ്ജിക്കുന്ന കാറ്റും പേമാരിയും അഞ്ചുതെങ്ങിൽ വലിയൊരു പ്രദേശത്തെ ജനജീവിതം ദുഷ്കരമാക്കിയിരിക്കുകയാണ്. കടലാക്രമണം രൂക്ഷമായി ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ തലത്തിൽ ദുരിതബാധിതരെ കാണാനോ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന പരാതി വ്യാപകമാണ്. അഞ്ചുതെങ്ങ് ഇടവക കൗൺസിലിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ.ജസ്റ്റിൻ ജൂഡ്, ജൂഡ് ജോർജ്ജ്, ജയിംസ് തൊമ്മൻസ്, വല്ലേരിയാൻ എന്നിവർ സ്ഥലം സന്ദർശിച്ചു.