കടയ്ക്കാവൂർ: ഗതാഗതത്തിരക്ക് ഏറെയുള്ള കടയ്ക്കാവൂർ, വർക്കല റോഡിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നതായി പരാതി. പ്രദേശത്ത് അപകടങ്ങളും യാത്രാക്കുരുക്കും പതിവ് കാഴ്ചയാണ്. ഗ്രാമപഞ്ചായത്തിലെ ചെക്കാലവിളാകം മാർക്കറ്റ് നിർമ്മാണം ആരംഭിക്കുന്നതിലെ കാലതാമസമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാലങ്ങളായി ചെക്കാലവിളാകം പൊതുമാർക്കറ്റിൽ നിരവധി ആളുകളാണ് കച്ചവടം ചെയ്യാനും സാധനങ്ങൾ വാങ്ങാനുമായി എത്തുന്നത്. എന്നാൽ ചെക്കാലവിളാകം പൊതുമാർക്കറ്റിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് തകർന്നുവീഴാറായ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്നും അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടം നിർമ്മിക്കാൻ തീരുമാനമായത്. ഇതോടെ മാർക്കറ്രിൽ കച്ചവടം നടത്തി അന്നന്നത്തെ അന്നം കണ്ടെത്തിയിരുന്ന കച്ചവടക്കാർ മാർക്കറ്റിൻനിന്ന് പുറത്തായി. തുടർകച്ചവടത്തിന് സ്ഥലമില്ലാതായതോടെ വ്യാപാരികൾ റോഡിന് വശങ്ങളിൽ കച്ചവടം ആരംഭിച്ചു. ഇതോടെ യാത്രാക്കുരുക്കും തുടങ്ങി.

കിഫ്ബി ഫണ്ടിൽ നിന്ന് 2 കോടി 65 ലക്ഷം രൂപയാണ് മാർക്കറ്റ് നവീകരണത്തിന് അനുവദിച്ചത്.

എത്രയുംവേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷന് സ്ഥലം കൈമാറുന്നതിനായി ജൂൺ ആദ്യവാരത്തോടെ എല്ലാ വ്യാപാരികളും സ്റ്റാളുകൾ ഒഴിഞ്ഞ് താക്കോൽ രേഖാമൂലം പഞ്ചായത്തോഫീസിൽ ഏൽപ്പിക്കേണ്ടതായി അറിയിച്ചു. തുടർന്ന് ഭൂരിപക്ഷം വ്യാപാരികളും കടമുറികൾ ഒഴിയുകയും ചെയ്തു.

കടകൾ ഒഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. കച്ചവടം നടത്താൻ മാർക്കറ്റിന് പകരം ഉചിതമായ സ്ഥലം നൽകാത്തതിനെ തുടർന്ന് മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് ഒഴിഞ്ഞുപോയ കടകളുടെ മുൻവശത്തും, ചന്തയോട് ചേർന്നുള്ള പാതയോരങ്ങളിലും കച്ചവടക്കാർ വ്യാപാരം ആരംഭിച്ചത്.

സാധനം വാങ്ങാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചതോടെ അപകടവും ഗതാഗതക്കുരുക്കും നിത്യസംഭവങ്ങളാണ്. രാവിലെ കച്ചവടം ആരംഭിക്കുന്നതോടെ സ്കൂൾ ബസുകളും സ്വകാര്യ ബസുകളും ഗതാഗതക്കുരുക്കിൽപ്പെടുന്നു.