തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പ് കണ്ടുപിടിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ പരസ്‌പരം പഴിചാരി പൊലീസും നഗരസഭയും. അന്വേഷണം ആരംഭിച്ച് ഒന്നര ആഴ്ച പിന്നിട്ടിട്ടും ആരംഭിച്ചിടത്തു നിന്ന് ഒരിഞ്ച് പോലും അന്വേഷണം മുന്നോട്ട് നീങ്ങിയിട്ടില്ല.
ഇൻഫർമേഷൻ മിഷൻ കേരളയിൽ നിന്നും കോർപ്പറേഷനിൽ നിന്നും തേടിയ വിവരങ്ങൾ ലഭിച്ചില്ലെന്ന് പൊലീസ് പറയുമ്പോൾ അന്വേഷണം ഊർജിതമല്ലെന്നാണ് നഗരസഭയുടെ ആരോപണം. എന്നാൽ, രണ്ട് താത്കാലിക ഉദ്യോഗസ്ഥരുടെ പേരിൽ മാത്രം തട്ടിപ്പ് കെട്ടിവച്ച് ഉന്നതരടക്കമുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. തങ്ങൾ കൃത്യസമയത്ത് തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയെങ്കിലും തുടർനടപടികൾ കൃത്യമായി ഉണ്ടായില്ലെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു. പൊലീസിന്റെ മെല്ലപ്പോക്കിനെതിരെ സർക്കാരിനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സമീപിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
ഇടത് യൂണിയൻ നേതാക്കളെ സംരക്ഷിക്കാൻ സർക്കാരും കോർപ്പറേഷനും പൊലീസും ഒത്തുകളിക്കുകയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. നഗരസഭയിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് വിശദമായി പരിശോധിച്ചാൽ ഇടത് യൂണിയനിലെ പല നേതാക്കളും കുടുങ്ങുമെന്നും ബി.ജെ.പി ആരോപിക്കുന്നു. തട്ടിപ്പുകളെക്കുറിച്ച് കോർപ്പറേഷൻ ആരംഭിച്ച പരിശോധനയും ഇഴഞ്ഞ് നീങ്ങുകയാണ്. ഇപ്പോൾ മാറ്റിനിറുത്തിയ രണ്ട് താത്‌ക്കാലിക ജീവനക്കാർ വർഷങ്ങളായി തുടരുന്നവരാണ്. റവന്യൂ ഓഫീസർ അടക്കം മൂന്ന് ജീവനക്കാരുടെ പാസ്‌വേഡും യൂസർനെയിമും ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ മറ്റ് സ്ഥിരം ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. പല യൂണിയൻ നേതാക്കളുമായും അടുത്ത ബന്ധമുള്ളവരാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന താത്‌കാലിക ജീവനക്കാർ. കൂടാതെ സ്ഥിരം ചില ഏജന്റുമാർക്കും രാഷ്ട്രീയക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്. ആരോപണങ്ങൾക്ക് മറുപടി നൽകാതിരിക്കാനാണ് 14ന് വച്ചിരുന്ന കൗൺസിൽ യോഗം മാറ്റിവച്ചതെന്നും ബി.ജെ.പി കൗൺസിൽ കക്ഷി നേതാവ് എം.ആർ.ഗോപൻ ആരോപിച്ചു.
അന്വേഷണം എങ്ങുമെത്തിയില്ല
നഗരസഭയിൽ സമാനമായി നടന്ന തട്ടിപ്പാണ് വ്യാജ കെട്ടിടനിർമ്മാണ പെർമിറ്റ് നൽകിയത്. ഒമ്പത് പേർക്ക് വ്യാജമായി പെർമിറ്റ് നൽകിയത് കണ്ടെത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. വയലും ചതുപ്പും നികത്തിയ സ്ഥലങ്ങളിൽ കെട്ടിടം നിർമ്മിക്കാനാണ് വ്യാജ പെർമിറ്റുകൾ ഉണ്ടാക്കിയത്. വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും നടപടികളെല്ലാം പാതി വഴിയിൽ അവസാനിക്കുകയായിരുന്നു.