തിരുവനന്തപുരം: നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചതായുള്ള വിവാദത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേമം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. ഡിവിഷണൽ റെയിൽവേ മാനേജർ മുകുന്ദ രാമസ്വാമി, ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ എ. വിജുവിൻ, ഡിവിഷണൽ എൻജിനിയർ ചന്ദ്രപ്രകാശ് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
നിർദ്ദിഷ്ട ടെർമിനൽ പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രിയോട് ഇവർ വിശദീകരിച്ചു. നിർമ്മാണം നടക്കുന്ന പുതിയ പ്ലാറ്റ്ഫോം അടക്കമുള്ളവ മന്ത്രി കണ്ടു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, കൗൺസിലർ എം.ആർ. ഗോപൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
റെയിൽവേ മന്ത്രിയെ
കാര്യങ്ങൾ ധരിപ്പിക്കും
നേമം ടെർമിനൽ പദ്ധതി സംബന്ധിച്ച് ചില ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് സന്ദർശിച്ചതെന്നും ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.