
നെയ്യാറ്റിൻകര: വിൽപ്പാട്ട് പ്രസ്ഥാനത്തിന് നവീന രൂപം നൽകിയ അഡ്വ. തലയൽ എസ്.കേശവൻനായരുടെ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫോട്ടോപ്രദർശനത്തിന് തുടക്കമായി.
ഫോട്ടോ ജേർണലിസ്റ്റ് അജയൻ അരുവിപ്പുറം കാമറയിൽ പകർത്തിയ കാഴ്ചകൾക്കാണ് ഇന്നലെ സുഗത സ്മൃതിയിൽ തിരിതെളിഞ്ഞത്. തലയലിന്റെ ജീവിതത്തിലെ വിവിധ കർമ്മമേഖലകളുമായി ബന്ധപ്പെട്ട നൂറോളം ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ പ്രദർശനം നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു. കൂട്ടപ്പന മഹേഷ്, വി. കേശവൻകുട്ടി, അഡ്വ. തലയൽ പ്രകാശ്, എസ്.കെ. ജയകുമാർ, എൻ.ആർ.സി നായർ, സജിലാൽ, പ്രതീപ് മരുതത്തൂർ,ബിജു കാരക്കോണം, രാജീവ് വെള്ളറട,ഇരുമ്പിൽ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.ഇന്ന് വൈകിട്ട് നടക്കുന്ന തലയൽ ഞാണൊലിയിൽ കെ. ആൻസലൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.