കുളത്തൂർ: ആക്കുളത്ത് നിഷിന് സമീപമുള്ള ആമ്പൽ ചെടി വില്പന കേന്ദ്രം ഗുണ്ടകൾ അടിച്ചുതകർത്തു. ഉപജീവനം തേടി കൊല്ലം പുനലൂരിൽ നിന്നെത്തിയ ഓട്ടിസം ബാധിച്ച കുട്ടി ഉൾപ്പെടുന്ന നിർദ്ധന കുടുംബത്തിന് നേരെയാണ് അതിക്രമം. രാത്രിയിൽ ആളില്ലാത്ത സമയത്ത് സ്ഥാപനത്തിൽ അതിക്രമിച്ചുകയറി വില്പനയ്‌ക്കായി തയ്യാറാക്കിവച്ചിരുന്ന 30ഓളം ചെടികളാണ് നശിപ്പിച്ചത്.
ഏകദേശം മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ശാന്തിയും ഭർത്താവ് ശിവപ്രസാദും പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം തിങ്കളാഴ്ചയും വിലപിടിപ്പുള്ള ചെടികൾ കടത്തിക്കൊണ്ടുപോയി. വട്ടപ്പാറ സ്‌പെഷ്യൽ സ്‌കൂളിൽ പഠിക്കുന്ന ഓട്ടിസം ബാധിച്ച മകന്റെ വിദ്യാഭ്യാസ സൗകര്യത്തിനായാണ് കുടുംബം ആക്കുളത്ത് സ്ഥലം വാടകയ്ക്കെടുത്ത് സ്ഥാപനം ആരംഭിച്ചത്.
വസ്‌തു പണയംവച്ചും കടംമേടിച്ചും സ്വരൂപിച്ച പണമുപയോഗിച്ചാണ് പ്ലാന്റ് നഴ്സറി ആരംഭിച്ചത്. തായ്‌ലാൻഡ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌ത അപൂർവയിനം ചെടികളാണ് നശിപ്പിക്കപ്പെട്ടത്. സംഭവസ്ഥലം സന്ദർശിച്ച തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.