santhinagar-road

മലയിൻകീഴ്: പഞ്ചായത്ത് റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങൾ കഴിഞ്ഞു. നവീകരിച്ച റോഡുകൾ വാട്ടർ അതോറിട്ടി പൈപ്പ് ഇടുന്നതിന്റെ പേരിൽ പൊളിച്ചടുക്കുന്നു. മലയിൻകീഴ്- ശാന്തിനഗർ-മണപ്പുറം റോഡിൽ പൈപ്പ് ലൈനിന് വേണ്ടി റോഡിന്റെ ഒരു വശം കുഴിച്ചതിനാൽ ഒരുവർഷം വരെ യാത്രക്കാർ സർക്കസ് നടത്തിയാണ് ഇതുവഴി കടന്ന് പോയിരുന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് മാസം മുൻപാണ് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ഈ റോഡ് ആരംഭിക്കുന്ന ശാന്തുമൂല ശ്രീനാരായണ ലൈനും മലയിൻകീഴ് ഊരൂട്ടമ്പലം റോഡിൽ നിന്നുള്ള ഇട റോഡിലും റീടാറിംഗും നടത്തിയിരുന്നു. എന്നാൽ ഈ റോഡിൽ 25 ലേറെ ഭാഗത്ത് റോഡിന് കുറുകെ പൈപ്പ് കണക്ഷൻ നൽകാനായി റോഡ് കുഴിച്ചു. 2020 ഡിസംബറിലാണ് വാട്ടർ അതോറിട്ടി റോഡിന്റെ ഒരുവശത്ത് പൈപ്പ് ഇട്ടശേഷം കുഴി ഭാഗികമായി മൂടിയത്. തൊട്ട് പിന്നാലെ പെയ്ത മഴയിൽ മണ്ണെല്ലാം ഒലിച്ചുപോവുകയും റോഡരികിലൂടെ ഒരു കിലോമീറ്റർ ദൂരം വൻ കുഴി രൂപപ്പെടുകയും ചെയ്തു. ഇരുചക്ര വാഹനയാത്രക്കാരും കാൽനട യാത്രക്കാരുമായ നിരവധി പേർ അപകടത്തിൽപ്പെട്ടു. പഞ്ചായത്ത് അംഗം കെ. അജിതകുമാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ തുക സ്വരൂപിച്ച് റോഡ് താത്കാലികമായി കോൺക്രീറ്റ് ചെയ്തിരുന്നു. തുടർന്ന് ആറ് മാസത്തിനുള്ളിൽ പഞ്ചായത്ത് ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ടെൻഡർ നൽകിയാണ് ഈ റോഡ് നവീകരിച്ചത്. നവീകരണം നടത്തിയിട്ട് മൂന്ന് മാസം കഴിഞ്ഞതേയുള്ളൂ വെന്നാണ് നാട്ടുകാർ പറയുന്നത്. കുത്ത് ഇറക്കമായ ശാന്തിനഗർ ആയുർവേദ ആശുപത്രി ഭാഗത്തേക്ക് പോകുന്നിടത്തെ റോഡ് കുഴിച്ചതോടെ ആശുപത്രിയിലെത്തുന്നവർക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യേണ്ട ഗതികേടിലാണ് ജനങ്ങൾ. മിക്ക പഞ്ചായത്ത് റോഡുകളും സമീപ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ്. മണപ്പുറം മുതൽ നാഗമണ്ഡലം ക്ഷേത്രം വരെ പോകണമെങ്കിൽ സർക്കസ് പഠിക്കണം. വിളപ്പിൽശാല-ഇരട്ടക്കുളം ചൊവ്വള്ളൂർ റോഡ് അപകടക്കെണിയായിട്ട് കാലമേറെയായി.വിളപ്പിൽശാല നിന്ന് ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്കുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് തകർന്ന് കാൽനടയാത്ര പോലും ദുസഹമായിട്ടുണ്ട്.