
വർക്കല:കർക്കടകവാവിനോടനുബന്ധിച്ച് പാപനാശത്ത് ബലിതർപ്പണത്തിനെത്തുന്നവർക്ക് ആവശ്യയമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ അഡ്വ.വി.ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ വർക്കല താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു.ആർ.ആർ ഡെപ്യൂട്ടി കളക്ടർ ചെറുപുഷ്പംജ്യോതി, നഗരസഭ ചെയർമാൻ കെ.എം.ലാജി, തഹസീൽദാർ മോഹൻ,ഡി.വൈ.എസ്.പി നിയാസ് എന്നിവരും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു. 27ന് ആരംഭിച്ച് 28ന് രാവിലെ 11.30ന് അവസാനിക്കും. ക്രമസമാധാന പാലനത്തിന് 400ലധികം പൊലീസുകാരും 50 സിവിൽ വോളന്റിയർമാരും ഉണ്ടാകും.പൊലീസിനെ അഞ്ച് സോണുകളായി വിന്യസിക്കും. 5000വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും സഹകരണത്തോടെ സൗകര്യമൊരുക്കും. പാപനാശം പ്രദേശത്തും ചുറ്റുപാടുമായി 15 സ്ഥലങ്ങളിൽ ടാങ്കറുകളിൽ കുടിവെളളമെത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റുകൾ എക്സൈസിന്റെയും ഫയർ ആൻഡ് റെസ്ക്യുവിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കും.കടൽക്ഷോഭം കൂടുതലായതിനാൽ ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ സ്കൂബാ ടീം കൺട്രോൾ റൂമിനോട് ചേർന്ന് പ്രവർത്തിക്കും. നിലവിൽ 18 ലൈഫ്ഗാർഡുമാർ ഉളളതിനു പുറമെ 22 താല്കാലിക ലൈഫ്ഗാർഡുകളെക്കൂടി നിയമിക്കും.ആരോഗ്യവകുപ്പിന്റെ നിയന്ത്റണത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ ചികിത്സാസൗകര്യം ഏർപ്പെടുത്തും. ദേവസ്വംബോർഡ് പൊലീസുമായി സഹകരിച്ച് ആവശ്യമായ സി.സി,ടി.വി സംവിധാനം ഉണ്ടാക്കും. കെ.എസ്.ആർ.ടി.സി പുനലൂർ,കുണ്ടറ,ചടയമംഗലം,ചാത്തന്നൂർ പ്രദേശങ്ങളിൽ നിന്നും പാപനാശത്തേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും. നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് വിളക്കുകൾ കത്തിക്കാനും റോഡിന്റെ ഇരുവശങ്ങളിലും കാട് വെട്ടി വൃത്തിയാക്കാനും ഹെലിപ്പാഡിൽ ബാരിക്കേഡും താത്കാലിക കക്കൂസുകളും നിർമ്മിക്കാനും തീരുമാനിച്ചു.