തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ പ്രതികളെ പിടികൂടാതെ സി.പി.എം ഭരണസമിതിയും പൊലീസും നടത്തുന്ന ഒത്തുകളിക്കെതിരെ ബി.ജെ.പി ഇന്നുമുതൽ സമരം തുടങ്ങുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.വ്യത്യസ്ഥ ഘട്ടങ്ങളിലേക്ക് സമരം ഇന്നുമുതൽ മാറും.നഗരത്തിലെ കണ്ണായ പ്രദേശത്ത് നൂറുകണക്കിന് കെട്ടിടങ്ങൾ അനധികൃതമായിട്ടാണ് പ്രവർത്തിക്കുന്നത്.ഇതിന് പിന്നിൽ വലിയ മാഫിയകളാണ്.ഉദ്യോഗസ്ഥർക്കും സി.പി.എം അധികാരികൾക്കും പണം നൽകിയാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്.ഭരിക്കുന്നവർ തന്നെ അന്വേഷണത്തിന് തടസം നിൽക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുമായി ബി.ജെ.പി വരും ദിവസങ്ങളിൽ രംഗത്ത് വരുമെന്നും രാജേഷ് പറഞ്ഞു.

കേന്ദ്രമന്ത്രിമാർ ഇനിയും തലസ്ഥാനത്തെത്തും

നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്താനും ജനങ്ങളുമായി സംവദിക്കാനുമായി ഇനിയും കേന്ദ്രമന്ത്രിമാർ ജില്ലയിലെത്തുമെന്ന് വി.വി. രാജേഷ്.വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ കഴിഞ്ഞ മൂന്നു ദിവസത്തെ സന്ദർശനത്തിൽ ജനങ്ങളിൽ നിന്ന് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്.കഴക്കൂട്ടം ബൈപ്പാസിന്റെ തടസങ്ങൾ മാറ്റി മൂന്നു മാസത്തിനകം ബൈപ്പാസ് ജനങ്ങൾക്കായി തുറന്ന് കൊടുക്കും.നേമം ടെർമിനൽ,കള്ളിക്കാട് പഞ്ചായത്തിലെ ബഫർ സോൺ തുടങ്ങിയ വിഷയങ്ങളിൽ ലഭിച്ച നിവേദനങ്ങൾ അദ്ദേഹം പഠിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് അത് കൈമാറും. വിദേശകാര്യമന്ത്രിയുടെ പര്യടനത്തിന് ഒരാഴ്ച മുമ്പ് കേന്ദ്രസർക്കാരിന്റെ ആനുകൂല്യം ലഭിച്ചവരുടെ സംഗമം സംഘടിപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്ത് നൽകിയതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു സംഗമം നടത്താൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നും വി.വി. രാജേഷ് പറഞ്ഞു.